ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനകത്ത് തറ പൊളിച്ച് കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കലവൂര്‍ ഐടിസി കോളനിയില്‍ നിന്ന് പ്രതി മുത്തുകുമാറിനെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ചങ്ങനാശ്ശേരി പോലീസിന് കൈമാറിയിരിക്കുകയാണ്.
ശനിയാഴ്ച വൈകീട്ടാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ എന്ന യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വാടക വീടിന് അടുക്കള ഭാഗത്തായി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാര്‍ ആണെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു.
സെപ്റ്റംബര്‍ 26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കി.ബിന്ദു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷിക്കവെയാണ് മുത്തുകുമാറിലേക്ക് അന്വേഷണം നീണ്ടത്. ഇയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികതയാണ് പോലീസിന് സംശയം തോന്നാന്‍ കാരണമായത്.
Discussion about this post