കോടിയേരി തലശേരിയിലെ ഒരു ഗ്രാമമാണ്. ആ ഗ്രമത്തെ പിന്നീട് കേരളമറിഞ്ഞത് സമുന്നതനായ നേതാവിന്റെ പേരിനൊപ്പവും. ബാലകൃഷ്ണന് എന്ന പേരിനേക്കാള്‍ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും കോടിയേരി പ്രശസ്തനായത് സ്കൂള്‍ കാലം തൊട്ടാണ്. ഹൈസ്കൂള്‍ പഠനകാലത്ത് തന്നെ തന്റെ പേരിനൊപ്പം കോടിയേരി ചേര്‍ക്കപ്പെട്ടിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണന് മുന്‍പ് പലപ്പോഴും തുറന്നുപറഞ്ഞിരുന്നു.
കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായ എം ബാലകൃഷ്ണന് കോടിയേരി ബാലകൃഷ്ണനായത് കെഎസ്എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കാലം തൊട്ടാണ്.
‘പ്രസംഗത്തിനൊക്കെ പേകുമ്പോള്‍ കോടിയേരി ബാലകൃഷ്ണന് എന്നാണ് അനൗണ്‍സ് ചെയ്യുക. കാഞ്ഞങ്ങാട് കെഎസ്എഫിന്റെ ഒരു ജില്ലാസമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ എന്റെ സ്കൂളില്‍നിന്നു പോയവര്‍ എഴുതിക്കൊടുത്തത് കോടിയേരി ബാലകൃഷ്ണന് എന്നായിരുന്നു. അതിനുശേഷമാണ് ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.’- മുമ്പ് കോടിയേരി പറഞ്ഞതിങ്ങനെ.
പിന്നീട് നേതാവായി വളര്‍ന്ന് വിവിധ തലങ്ങളില്‍ ഭാരവാഹിയായി തിരഞ്ഞെടുക്കുമ്പോള്‍ പത്രങ്ങളില്‍ പേരുവന്നിരുന്നതും കോടിയേരി ബാലകൃഷ്ണന് എന്നായിരുന്നു. ഇപ്പോള്‍ കോടിയേരി എന്നു പറഞ്ഞാലേ ജനം തിരിച്ചറിയൂ. പാസ്പോര്‍ട്ടിലും മറ്റു രേഖകളിലുമൊക്കെ പേര് അങ്ങനെയാക്കി മാറ്റുകയും ചെയ്തു.
തന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിത്തറ വായനശാലയിലെ നിത്യസമ്പര്‍ക്കത്തിലൂടെ ആര്‍ജിച്ച അറിവും തിരിച്ചറിവും ആയിരുന്നെന്ന് ഈ തൊഴിലാളി വര്‍ഗ്ഗ നേതാവ് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ തിരക്കേറിയ സമയത്തും വായനയ്ക്ക് കോടിയേരി സമയം കണ്ടെത്തിയിരുന്നു.
പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രവര്‍ത്തനകേന്ദ്രമായി മാറിയപ്പോള്‍ ആദ്യം എംഎല്‍എ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അന്ന് റിലീസാകുന്ന എല്ലാ സിനിമയും അന്നേ ദിവസം തന്നെ കാണുന്ന പതിവുകാരനായിരുന്നു കോടിയേരി.
എകെജി ഫ്ലാറ്റിലെ കോടിയേരിയുടെ ഓഫിസ് മുറി ഒന്നാന്തരം ലൈബ്രറി കൂടിയാണ്. പേനകളോടും ഡയറികളോടും പ്രത്യേക ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം ധാരാളം ഡയറികള്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഇതൊക്കെ ആരു സമ്മാനിച്ചാലും ഇഷ്ടം. ഡയറി കിട്ടുന്നപാടേ ‘കോടിയേരി ബാലകൃഷ്ണന്’ എന്ന പേരുമെഴുതി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു പതിവ്.
Discussion about this post