കണ്ണൂര്‍: സിപിഎം പിബി അംഗവും മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപ കമന്റിട്ടയാള്‍ക്ക് എതിരെ പരാതി. കോടിയേരിയുടെ മരണത്തില്‍ വാട്സ്ആപ്പില്‍ അധിക്ഷേപകരമായ നിലയില്‍ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍ മാന്‍ ഉറൂബിനെതിരെയാണ് ഡിജിപിക്ക് പരാതി ലഭിച്ചിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിക്കുന്നതായി കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നല്‍കിയത്.
എതിരാളികള്‍ക്ക് പോലും എതിരഭിപ്രായം ഇല്ലാതിരുന്ന മികച്ച ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന പോലീസിനെ അടിമുടി നവീകരിച്ചത് കോടിയേരിയുടെ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു. ഇക്കാര്യം എല്ലാ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ഓര്‍ത്തെടുക്കുമ്പോഴാണ് അടിസ്ഥാനമില്ലാത്ത ആക്ഷേപവുമായി ഒരു പോലീസുകാരന് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
വിവാദങ്ങളില്ലാതെ ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെയാണ് കോടിയേരി നയിച്ചത്. പോലീസിനെ കൂടുതല്‍ ജനകീയമാക്കിയ ജനമൈത്രി പോലീസും കോടിയേരിയുടെ കാലത്താണ് ഉടലെടുത്തത്. സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പോലീസിന്റെ നടപടികളിലും കോടിയേരിയുടെ അധികാര കാലം മാറ്റം വരുത്തിയിട്ടുണ്ട്. പോലീസിന്റെ മുഖമുദ്രയായിരുന്ന തുരുമ്പെടുത്ത നീല ജീപ്പിനെ തൂക്കി വിറ്റ് വെള്ള ബൊലേറോയിലേക്കുള്ള മാറ്റവും അക്കാലത്ത് തന്നെ.
also read- കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിക്കും: തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം
ലാത്തി ചാര്‍ജ്ജ് വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ക്ക് നേരെ വേണ്ടെന്ന നിലപാടെടുത്ത കോടിയേരി ലാത്തിക്ക് പകരം ജലപീരങ്കി ആശയവും മുന്നോട്ടുവെച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാരനായിരിക്കെ നാലരപതിറ്റാണ്ട് മുന്‍പ് ലാത്തിയടിയേറ്റ ആ നേതാവിന് നോവിന്റെ ആഴം അറിയാമായിരുന്നു.
പരിശോധനകളുടെ പലവഴിക്കായി ഹൈവേ പോലീസ് പട്രോളിങ് സിസ്റ്റം തുടങ്ങിയതും കോടിയേരി ബാലകൃഷ്ണനെന്ന ഭരണാധികാരിയാണ്. സംസ്ഥാനത്ത് പോലീസിലേക്ക് ഏറ്റവും കൂടുതല്‍ പേരെ പിഎസ്സി വഴി നിയമിച്ചതും അദ്ദേഹം ആഭ്യന്തര മന്ത്രിയായ കാലത്താണ്.
Discussion about this post