കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിക്കും: തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

കണ്ണൂര്‍: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ പത്ത് മണിയോടെ ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുവരും.

11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്രയായി എത്തിക്കും. ഭാര്യ വിനോദിനിയും മകന്‍ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. തലശ്ശേരി ടൗണ്‍ ഹാളില്‍ ഉച്ച മുതല്‍ പൊതുദര്‍ശനമുണ്ടാകും.

ഒക്ടോബര്‍ മൂന്നിന് രാവിലെ അദ്ദേഹത്തിന്റെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലും 11 മണി മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.

Read Also: ‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ്’…!’അനുശോചനം അറിയിക്കണം എന്ന് പറഞ്ഞു’; കോടിയേരിയുടെ വിയോഗമറിഞ്ഞ വിഎസ്

മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കളും പ്രവര്‍ത്തകരും ഇന്ന് കണ്ണൂരിലെത്തും. അദ്ദേഹത്തോടുളള ആദര സൂചകമായി മൂന്നിന് തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അന്തരിച്ചത്. രോഗബാധയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.

Exit mobile version