ചെന്നൈ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. മരണവിവരം അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
രാഷ്ട്രീയത്തിനപ്പുറം സൗഹൃദം നിലനിര്‍ത്തിയിരുന്ന നേതാക്കളായിരുന്നു കോടിയേരിയും സ്റ്റാലിനും. അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി. രണ്ടു മാസം മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്. 2006-11 കാലയളവില്‍ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.
ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശേരിയില്‍ നിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട്.
അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് 2019 ഒക്ടോബറില്‍ യുഎസില്‍ ചികിത്സ തേടിയ അദ്ദേഹം ഈ വര്‍ഷം ഏപ്രില്‍ 30ന് യുഎസില്‍ തന്നെ തുടര്‍ചികിത്സയ്ക്കു പോയിരുന്നു. മേയ് 17ന് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുംവരെ സംസ്ഥാന സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Discussion about this post