തനിക്ക് ഭക്ഷണം കഴിക്കണം; ഇറങ്ങിപ്പോ! തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ അസഭ്യം പറഞ്ഞ് വനിതാ കണ്ടക്ടര്‍; വീഡിയോയ്ക്ക് എതിരെ വിമര്‍ശനം

തിരുവനന്തപുരം: ബസില്‍ നേരത്തെ കയറിയതിന് യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. ഇവര്‍ സ്ത്രീകള്‍ അടങ്ങിയ യാത്രക്കാരെ നിര്‍ത്തിയിട്ട ബസില്‍ കയറിയതിനാണ് ആക്ഷേപിച്ചത്. തുടര്‍ന്ന് ഇവരെയെല്ലാം ബസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കണ്ടക്ടര്‍ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളടക്കമുള്ള യാത്രക്കാര്‍ ബസില്‍ കയറിയത്. ഇതോടെതനിക്ക് ബസിലിരുന്ന് ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകണമെന്നുമായിരുന്നു വനിതാ കണ്ടക്ടര്‍ ആക്രോശിച്ചത്. പുറത്ത് നല്ല വെയിലാണെന്നും താങ്കള്‍ ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂവെന്നും യാത്രക്കാര്‍ പറഞ്ഞിട്ടും കണ്ടക്ടര്‍ വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തി ഇറക്കിവിടുകയായിരുന്നു.

ചില യാത്രക്കാര്‍ ആദ്യം ബസില്‍നിന്നിറങ്ങിയെങ്കിലും കൈക്കുഞ്ഞുമായെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ സമയം ബസിലുണ്ടായിരുന്നു. ഇതിനുശേഷവും ഇറങ്ങാന്‍ കൂട്ടാക്കാത്തവരെ കണ്ടക്ടര്‍ വീണ്ടും തെറിവിളിച്ചു. ഇതോടെ യാത്രക്കാരെല്ലാം ബസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഇവര്‍ എന്നാല്‍ ബസില്‍നിന്ന് ഇറങ്ങിയശേഷവും വനിതാ കണ്ടക്ടര്‍ തെറിവിളി തുടര്‍ന്നു. രൂക്ഷമായ അസഭ്യവര്‍ഷമാണ് കണ്ടക്ടര്‍ സ്ത്രീകള്‍ക്ക് നേരേ നടത്തിയത്.

ALSO READ-ഗള്‍ഫിലേക്ക് കൊണ്ടു പോയ മകന്‍ ആത്മഹത്യ ചെയ്തു; മനംനൊന്ത് മകളും;ശശിധരന്റെ 29 വര്‍ഷത്തെ പക കത്തിയാളി; നഷ്ടമായത് പ്രഭാകരന്റെ ജീവന്‍; ഭാര്യ ഗുരുതരാവസ്ഥയില്‍

സംഭവത്തില്‍ പരാതി കെഎസ്ആര്‍ടിസിയിലും എത്തിയിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിപ്പോയില്‍ ജോലിചെയ്യുന്ന വനിതാ കണ്ടക്ടറാണ് യാത്രക്കാരെ അസഭ്യം പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളും മറ്റും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Exit mobile version