കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്റെ കുഴിമന്തി പരാമര്‍ശത്തില്‍ വിശദീകരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. എല്ലാ ഭക്ഷണസാധനങ്ങളും തനിക്കിഷ്ടമല്ലെന്നും ഇഷ്ടപ്പെടുവാന്‍ സാധ്യവുമല്ലെന്നും അതാണ് താന്‍ കമന്റിലൂടെ ഉദ്ദേശിച്ചതെന്നും ശാരദക്കുട്ടി പറഞ്ഞു.
ഭാഷയില്‍ തീര്‍ത്തും ബോധപൂര്‍വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കില്‍ അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതുതിരുത്തി മുന്നോട്ടുപോകുമെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ വ്യക്തമാക്കി.
ഒരു ഭക്ഷണം ഇഷ്ടമാണ്. അത് കഴിക്കാനിഷ്ടമാണ്, എന്നുപറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല, എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും. അതിന് ബാലന്‍സ് ചെയ്യാനായി വഴുവഴുത്തതുകൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേര്‍ത്തു പറഞ്ഞാല്‍ പൊളിറ്റിക്കലി കറക്റ്റ് ആകുമോ?
ശാരദക്കുട്ടി എന്ന പേര് നിങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല എന്നതുകൊണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല. അത് നിങ്ങള്‍ക്ക് തോന്നുന്ന രീതിയിലെല്ലാം എഴുതി എന്നോടുള്ള ദേഷ്യം തീര്‍ക്കാം. അത് നിങ്ങളുടെ ഇഷ്ടം. സ്വാതന്ത്ര്യം. സാമ്പാര്‍, തോരന്‍, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും.
പൊളിറ്റിക്കലി കറക്റ്റ് ആകാന്‍ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോ എന്ന് കരുതി ബോധപൂര്‍വം പരിശ്രമിക്കുന്നതു കൊണ്ടാണ്. ഇടക്ക് കാല്‍ വഴുതുന്നുവെങ്കില്‍ ഇനിയും കൂടുതല്‍ ശ്രദ്ധിക്കാം.
എല്ലാ ഭക്ഷണസാധനങ്ങളും എനിക്കിഷ്ടമല്ല ഇഷ്ടപ്പെടുവാന്‍ സാധ്യവുമല്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്. എന്റെ ഭക്ഷണം, നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്?
സ്‌ക്രീന്‍ ഷോട്ട് ഒക്കെ ധാരാളം പോയത് കൊണ്ട് കമന്റ് പിന്‍വലിക്കുന്നതിലര്‍ഥമില്ലെന്നറിയാം. എങ്കിലും അതങ്ങ് പിന്‍വലിക്കുന്നു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതുകൊണ്ടാണത്. ഞാന്‍ എന്റെ ഭാഷയില്‍ തീര്‍ത്തും ബോധപൂര്‍വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കില്‍, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ വേദനയുണ്ട്. അതുതിരുത്തി മുന്നോട്ടുപോകുന്നതായിരിക്കും,
എന്ന് എസ്. ശാരദക്കുട്ടി പറയുന്നു.
താന്‍ ഒരു ദിവസം കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നായിരുന്നു വികെ ശ്രീരാമന്റെ വിവാദപരാമര്‍ശം. കുഴിമന്തി എന്നത് ഭക്ഷണത്തിന് ഇടാന്‍ പറ്റിയ പേരല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.
Discussion about this post