അടൂര്‍: അടൂരില്‍ കള്ളന്‍മാര്‍ മോഷ്ടിക്കാനായി കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാത്തതിന്റെ കലി തീര്‍ത്തത് വീട്ടുസാധനങ്ങള്‍ നശിപ്പിച്ച്. ആളില്ലാത്ത അഞ്ച് വീട്ടിലാണ് ഈ സംഘം മോഷണത്തിനായി എത്തിയത്. കൂട്ടത്തിലെ ഒരു വീട് ഗൃഹപ്രവേശനം കഴിഞ്ഞ് രണ്ട് മാസം മാത്രം കഴിഞ്ഞത്. ഇതോടെ ഉറക്കമിളച്ച് കാത്തിരുന്ന് കള്ളന്മാര്‍ അകത്ത് കയറിപ്പറ്റുതയായിപരുന്നു. വിലപിടിപ്പുള്ളവ പ്രതീക്ഷിച്ച് കയറിയ കള്ളന്മാരുടെ പ്രതീക്ഷകളെല്ലാം തെറ്റി. ഒന്നും കിട്ടിയില്ല.
മോഷ്ടക്കാക്കള്‍ കയറിയാലും എടുത്തു കൊണ്ടുപോകാനുള്ള തരത്തിലുള്ള ഒന്നും തന്നെ വീട്ടുകാര്‍ അവിടെ വെച്ചിരുന്നില്ല. ഇതോടെ നിരാശരായ സംഘം അടുക്കളയില്‍ കയറി കാപ്പിയിട്ടു. ഏലയ്ക്കയൊക്കെ ഇട്ട് സ്‌ട്രോങായ കാപ്പിയും കുടിച്ച് ക്ഷീണമകറ്റിയ മോഷ്ടാക്കള്‍ ഒന്നും കിട്ടാത്തതിന്റെ കലിപ്പ് തീര്‍ക്കുകയും ചെയ്തു.
വീടിനകത്തെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെയുള്ളവ അടിച്ചു തകര്‍ത്താണ് സംഘം മടങ്ങിയത്. അടൂര്‍ കരുവാറ്റ വട്ടമുകളില്‍ സ്റ്റീവ് വില്ലയില്‍ അലീസ് വര്‍ഗീസ്, മറ്റത്തില്‍ രാജ് നിവാസില്‍ ലില്ലിക്കുട്ടി, മന്‍മോഹന്‍ വീട്ടില്‍ രമാദേവി, അഷ്ടമിയില്‍ സുഭാഷ് സുകുമാരന്‍, അറപ്പുരയില്‍ ഗീവര്‍ഗീസ് തോമസ് എന്നിവരുടെ വീടുകളിലാണ് മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ കയറി മോഷണശ്രമം നടത്തിയത്.
അറപ്പുരയില്‍ വീട് രണ്ടുമാസം മുന്‍പാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ഈ വീടിന്റെ കിച്ചണ്‍ ക്യാബ്, തടി അലമാര, ഷോക്കേസ് എന്നിവയാണ് ഇവര്‍ നശിപ്പിച്ചത്. മറ്റത്തില്‍ രാജ്നിവാസ് വീടിന് മുന്നിലെ രണ്ട് ക്യാമറകള്‍ നശിപ്പിച്ചു വീട്ടുടമസ്ഥര്‍ ഈ സമയം തിരുവനന്തപുരത്തായിരുന്നു. ദൃശ്യങ്ങള്‍ ക്യാമറയിലൂടെ അവര്‍ക്ക് ലഭിച്ചു. സിറ്റൗട്ടില്‍ കാപ്പി കുടിച്ച ഗ്ലാസും ഇരിപ്പുണ്ടായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.44 വരെ ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ ഒരു ക്യാമറയില്‍ ആരോ പോകുന്ന നിഴല്‍ കാണാമെന്ന് വീട്ടുടമ പറഞ്ഞു. അതിന് ശേഷമാകാം മുന്‍വശത്തെ ക്യാമറ നശിപ്പിച്ചതെന്നാണ് കരുതുന്നത്. നശിപ്പിച്ച ക്യാമറ വീടിന് സമീപത്തുനിന്നും കണ്ടെടുത്തു. അടൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.