കൊച്ചി: സിനിമയെന്ന് പറയുന്നത് പഞ്ചായത്തില്‍, മുന്‍സിപ്പാലിറ്റിയില്‍, ചുറ്റുമുള്ള കടകളില്‍, ഓട്ടോറിക്ഷക്കാരനും ബസുകാര്‍ക്കുമൊക്കെ വരുമാനം വരുന്ന ബിസിനസാണ്. ഒടിടി റിലീസ് ആകുമ്പോള്‍ അതൊക്കെയാണ് ഇല്ലാതാവുന്നതെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ.
ഒടിടിക്ക് വേണ്ടിയല്ല ബിസിനസ് ചെയ്യുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമയം വേണമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ‘വിചിത്രം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഷെനിന്റെ പ്രതികരണം.
‘തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ സമയം എടുക്കട്ടെ. ഇത്ര നേരത്തെ ഒടിടിയില്‍ വന്നിട്ട് എന്താണ് കാര്യം. ഒടിടിക്ക് വേണ്ടിയല്ല ബിസിനസ് ചെയ്യുന്നത്. അത് നമ്മുടെ നാട്ടിലെ ബിസിനസ് ആണ്. പഞ്ചായത്തില്‍, മുന്‍സിപ്പാലിറ്റിയില്‍, ചുറ്റുമുള്ള കടകളില്‍, ഓട്ടോറിക്ഷക്കാരനും ബസുകാര്‍ക്കുമൊക്കെ വരുമാനം വരുന്ന ബിസിനസാണ് സിനിമ.
ഒരാള്‍ സിനിമ കാണാന്‍ പോകുമ്പോള്‍ വിളിക്കുന്ന ഓട്ടോറിക്ഷ, കഴിക്കുന്ന മസാല ദോശ ഇതൊക്ക ഡിപ്പെന്‍ഡഡ് ആണ്. ഒരു സിനിമ വിജയിക്കുമ്പോള്‍ അതിലേക്കൊക്കെയാണ് പണം വരുന്നത്. ഒടിടി റിലീസ് ആകുമ്പോള്‍ അതൊക്കെയാണ് ഇല്ലാതാവുന്നത്. രണ്ട് പേര് തമ്മിലുള്ള കച്ചവടം മാത്രമല്ല’ നടന്‍ അഭിപ്രായപ്പെട്ടു.
‘നമ്മള്‍ ഒരിക്കലും ഒരു സിനിമ ഒടിടിക്ക് വേണ്ടി ചെയ്യുന്നില്ല. നമ്മള്‍ പടമാണ് ചെയ്യുന്നത്. നമ്മുടെ സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തോളൂ. നമ്മുക്കറിയാം തിയേറ്ററില്‍ ആളുകള്‍ വരില്ലെന്ന്. എന്നാലും തിയേറ്ററില്‍ തന്നെ ഇറക്കും. ഒടിടിക്ക് പടം കൊടുക്കില്ല. ‘അടിത്തട്ട്’ എന്ന സിനിമ ഫ്രണ്ട്സിന്റെ ഇടയില്‍ ഉണ്ടാകുന്ന ഒരു സിനിമയാണ്. നല്ല കാശിന് പടം എടുക്കുന്നില്ലെങ്കില്‍ വേണ്ട. നമ്മുടെ കൈയ്യില്‍ ഇരിക്കുമല്ലോ ആ പടം. ഇപ്പോള്‍ ഈ പടം നിര്‍മ്മിച്ചവരുടെ ആരുടെയെങ്കിലും കൈയ്യില്‍ ഈ പടമുണ്ടോ. എന്തായാലും വിചിത്രം സിനിമ തിയേറ്ററുകളില്‍ തന്നെയിറക്കും’ ഷൈന്‍ പ്രതികരിച്ചു.
ബാലു വര്‍ഗീസും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘വിചിത്രം’ ഒക്ടോബര്‍ 14ന് റിലീസ് ചെയ്യും. ജാസ്മിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിഖില്‍ രവീന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അച്ചു വിജയനാണ്.