ഇടുക്കി: മകളുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് മാതാവിനേയും പിതാവിനേയും സഹോദരനേയും വീടുകയറി ആക്രമിച്ച രണ്ടുയുവാക്കള്‍ അറസ്റ്റില്‍. കൈലാസം മുളകുപാറയില്‍ മുരുകേശന്‍(32), വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീട്ടിലാണ് സംഭവമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സേനന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സേനന്റെ ഭാര്യ ലീലയേയും മകന്‍ അഖിലിനേയും ആക്രമിക്കുകയും ചെയ്തു. സേനന്‍ പക്ഷാഘാതം വന്നു കിടപ്പിലാണ്.
ഓഗസ്റ്റിലായിരുന്നു സേനന്റെ മകളുടെ വിവാഹം. സമീപവാസികളും സഹപാഠികളുമായ തങ്ങള്‍ ഇരുവരേയും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മകന്‍ അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചത് ലീല തടഞ്ഞു. ഇതോടെ ലീലക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം മുങ്ങാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉടുമ്പന്‍ചോല എസ്എച്ച്ഒ അബ്ദുല്‍ ഖനി, എഎസ്‌ഐ ബെന്നി, സിപിഒ ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post