തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റ് കുത്തിവെയ്പ്പെടുക്കാൻ ആശുപത്രിയിലെത്തിയ യുവതിയെ തെരുവുനായ കടിച്ചു. വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ കൊട്ടുകാൽ സ്വദേശിനിയായ 31കാരിയായ അപർണയെയാണ് നായ കടിച്ചത്.
തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. രാവിലെ ഏഴരയോടെയാണ് അപർണ്ണയ്ക്ക് നായയുടെ കടിയേറ്റത്. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ കടിച്ചത്. ആക്രമണത്തിൽ അപർണയുടെ കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോഴാണ് നായയുടെ കടിയേറ്റതെന്ന് അപർണ പറഞ്ഞു. നായ കടിച്ചപ്പോൾ അവിടെ നിന്നിരുന്ന ഡോക്ടറും നഴ്സും പ്രാഥമിക ശുശ്രൂഷ നൽകാൻ പോലു തയാറായില്ലെന്നും അപർണയും പിതാവും പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചു വരികയാണ്. പലയിടത്തും തെരുവുനായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പേവിഷ ബാധയേറ്റ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് പതിവാവുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
Discussion about this post