തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിക്ക് സമീപം തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ആശുപത്രി പരിസരത്താണ് കൂട്ടത്തോടെ തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. ഇവയെ വിഷം കൊടുത്ത് അപായപ്പെടുത്തിയത് ആണെന്ന് സംശയിക്കുന്നുണ്ട്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.
ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത് ഇതില്‍ ഒരു നായ മൃതപ്രായനായ നിലയിലായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരുന്ന നിലയിലാണ് നായ്ക്കള്‍.
അതേസമയം, ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ചാലക്കുടി ബസ് സ്റ്റാന്‍ഡ്, താലൂക്ക് ആശുപത്രി പരിസരങ്ങളില്‍ നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തിലായിരുന്നു.
ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവരാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബൈക്കിന് പുറകില്‍ ഓടി വന്ന് നായ്ക്കള്‍ കടിക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്താറുമുണ്ട്. ഇതിനിടയിലാണ് തെരുവുനായ്ക്കളുടെ ജഡം പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നത്.
also read- ‘കുറെ ക്ഷുദ്രജീവികള്‍ എന്റെ കൂടെ കൂടി, അതോടെ എന്റെ സ്വഭാവം മാറി’: സുരേഷ് ഗോപി
ജഡങ്ങള്‍ നീക്കാനുള്ള നടപടി പ്രാദേശിക ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. വിഷം കൊടുത്ത് കൊന്നതാണോ നായ്ക്കളെ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്.