ഗുരുവായൂര്‍: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ഗുരുവായൂര്‍ മാതൃകയില്‍ ക്ഷേത്രം ഉയരുക. 120 കോടി രൂപ ചെലവിട്ടിട്ടാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.
ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള ബെംഗളൂരു ആസ്ഥാനമായ മോഹന്‍ജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുന്നത്. നിര്‍മാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും ഗുരുവായൂര്‍ തന്ത്രിമഠത്തില്‍ വ്യാഴാഴ്ച നടന്നു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിയാണ് ആചാര്യന്‍. വാസ്തുശാസ്ത്രത്തില്‍ പേരുകേട്ട കാണിപ്പയ്യൂര്‍ മനയിലെ കുട്ടന്‍ നമ്പൂതിരിപ്പാടാണ് കൈക്കോല്‍ കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്. ഇത് തന്ത്രിയില്‍നിന്ന് മോഹന്‍ജി ഫൗണ്ടേഷന്‍ സ്ഥാപകന്‍ മോഹന്‍ജി ഏറ്റുവാങ്ങി.
ഗുരുവായൂര്‍ ക്ഷേത്രം 69 സെന്റിലാണ്. വിസ്തൃതിയിലും ഉയരത്തിലും അളവുകള്‍ ചെറുതായി കുറച്ചാണ് വൃന്ദാവനത്തിലെ പണി. ക്ഷേത്ര നിര്‍മാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ ജനുവരി 15 മുതല്‍ ജൂലായ് 15 വരെയുള്ള കാലയളവിനുള്ളില്‍ നിര്‍മിതി പൂര്‍ത്തിയാക്കും. ശ്രീകോവില്‍, സോപാനം, കൊടിമരം, മുഖമണ്ഡപം, നമസ്‌കാരമണ്ഡപം, വാതില്‍മാടം, വിളക്കുമാടം, ശീവേലിപ്പുര, പ്രദക്ഷിണവഴി, ഗോപുരങ്ങള്‍, ദീപസ്തംഭം തുടങ്ങിയവയ്ക്കുവേണ്ട പ്രധാനഭാഗങ്ങള്‍ ഇവിടെ നിര്‍മിച്ചശേഷം വൃന്ദാവനത്തിലേക്ക് കൊണ്ടുപോകും.
വിദഗ്ധരായ എന്‍ജിനീയര്‍മാരുടേയും ക്ഷേത്രശില്പികളുടേയും മേല്‍നോട്ടത്തില്‍ അവിടെ കൂട്ടിയിണക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നിര്‍മാണ രീതികളില്‍നിന്ന് ഒരു വ്യത്യാസവുമില്ലാതെ, തനിമയോടെയാണ് ക്ഷേത്രം പണിയുന്നതെന്ന് മോഹന്‍ജി പറഞ്ഞു.