ബസിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളുടെ മാസ്‌ക് വലിച്ചൂരി പെൺകുട്ടി; കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു, ചോദ്യം ചെയ്യലിൽ അറിഞ്ഞു, രതീഷ് മോൻ സിബിഐയിൽ പോലീസ് ഡ്രൈവറെന്ന്!

തൃശൂർ: ബസിൽ വെച്ച് 17കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചത് സിബിഐയിൽ ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസ് ഡ്രൈവർ പുല്ലൂർ സ്വദേശിയായ 40കാരൻ രതീഷ് മോൻ. പെൺകുട്ടിയുടെ പരാതിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പോലീസ് ഡ്രൈവർ ആണെന്ന് വ്യക്തമായത്. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിലാണ് രതീഷ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

നടൻ വിശാലിന്റെ വീടിനു നേരെ കല്ലേറ്; അജ്ഞാതർ പാതിരാത്രിയിൽ എത്തിയത് ചുവന്ന കാറിൽ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. തൃശൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ബസിൽ മാപ്രാണം ജംങ്ഷൻ കഴിഞ്ഞപ്പോഴാണ് മുൻസീറ്റിൽ ഇരുന്ന പെൺകുട്ടിയെ രതീഷ് ഉപദ്രവിച്ചത്.

ഉടൻ പെൺകുട്ടി എഴുന്നേറ്റ് ബഹളം വെക്കുകയും തുടർന്ന് ഉപദ്രവിച്ചയാളുടെ മാസ്‌ക് വലിച്ചൂരുകയും ചെയ്തു. ഇതോടെ സഹയാത്രികരും ഇടപ്പെട്ടു. രതീഷ് മോനെ തടഞ്ഞുവെക്കുകയും ഇരിങ്ങാലക്കുട പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പിന്നീടാണ് ഇയാൾ പോലീസുകാരൻ തന്നെയാണെന്ന് വെളിപ്പെട്ടത്.

ഇപ്പോൾ ഡെപ്യൂട്ടേഷനിൽ സി.ബി.ഐ എറണാകുളം യൂണിറ്റിൽ ആണ് രതീഷ് മോൻ ജോലി ചെയ്യുന്നത്. സംഭവത്തിൽ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം ഇരിങ്ങാലക്കുട സി.ഐ: അനീഷ് കരീം കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് തൃശൂർ പ്രിൻസിപ്പൽ പോക്സോ കോടതിയിൽ ഹാജരാക്കി പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡിൽ വിടുകയായിരുന്നു.

Exit mobile version