കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിത കോടതിയില്‍ അപേക്ഷ നല്‍കി.
പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പോലീസിന്റെ കൈവശമുണ്ടെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. പ്രോസിക്യൂഷനോട് ജഡ്ജി മുന്‍വിധിയോടെ പെരുമാറിയെന്നും അതിജീവിത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
Read Also: ആരും വെറുതെ ഒരു കഷ്ണം തുണി മാത്രം ധരിച്ച് പുറത്ത് പോകില്ലല്ലോ? സൈബര്‍ ആക്രമണം ആസൂത്രിതം; ഭാവന
ഇതേ ആരോപണം നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും അതിജീവിത ഉന്നയിച്ചിരുന്നു. വിചാരണ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി തള്ളിയത്.
അതിജീവിതയെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചെന്നും തുടക്കം മുതല്‍ പരാതിക്കാരിക്ക് സംശയമാണെന്നും നിരീക്ഷിച്ചായിരുന്നു ഹര്‍ജി തള്ളിയത്. ഇതോടെയാണ് നടി സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രിംകോടതിയിലും ഹര്‍ജി നല്‍കിയത്.