മണ്ണടി: നേരിയ കാഴ്ച ശക്തി മാത്രം, ഹൃദ്രോഗം വരുത്തി വെച്ച ശാരീരിക അസ്വസ്ഥതകൾ എല്ലാം മറികടന്ന് പത്ര വിതരണത്തിൽ സജീവമായി നിൽക്കുകയാണ് മണ്ണടി മുടിപ്പുര മനോരമയുടെ ഏജന്റായ ജനാർദ്ദനൻ. കുട്ടിക്കാലത്താണ് ജനാർദ്ദനന്റെ കണ്ണുകൾക്ക് മങ്ങലേറ്റ് തുടങ്ങിയത്. തുടർന്ന് കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ജീവിത മാർഗമായി വീടിനു സമീപം കട നടത്തി വരുമ്പോഴാണ് ബന്ധുവിന്റെ പത്ര ഏജൻസി കൂടി ഏറ്റെടുത്തത്.
പിന്നീട് ആ ജോലിയിൽ യാതൊരു മുടക്കവും ജനാർദ്ദനൻ വരുത്തിയിട്ടില്ല. ദിവസവും രാവിലെ 200ൽ അധികം പത്രം വീടുകളിൽ എത്തിച്ചു നൽകും. പുലർച്ചെ നാലിന് ഊന്നു വടിയുടെയും പ്രഭാത സവാരിക്കാരുടെയും സഹായത്താൽ ആണ് പത്രക്കെട്ട് ഇറക്കി വയ്ക്കുന്ന കവലയിലേയ്ക്ക് ജനാർദ്ദനൻ എത്തുന്നത്. തുടർന്നുള്ള പത്ര വിതരണത്തിന് കൂട്ട് ഒരു വടിയാണ്. രാവിലെ ആറ് മണിക്ക് മുൻപു തന്നെ പത്ര വിതരണം പൂർത്തിയാക്കുകയും ചെയ്യും.
കുട്ടിക്കാലം മുതൽ പരിചിതമായ മണ്ണായതിനാൽ ജനാർദ്ദനന് കൈപിടിക്കാൻ ഒരാളുടെയും ആവശ്യവും ഇല്ല. തനിക്ക് വെളിച്ചം നൽകുന്നത് ഉള്ളിലെ പ്രകാശമാണെന്ന് ജനാർദനൻ പറയുന്നു. എനന്ാൽ ഇപ്പോൾ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തുടർ ചികിത്സയും മുന്നോട്ടുള്ള ജീവിതവും ചോദ്യ ചിഹ്നമാണ്. കാഴ്ച ശക്തി വീണ്ടെടുക്കാനുള്ള ആഗ്രഹവും ഈ വയോധികന്റെ മനസ്സിലുണ്ട്. 48 വയസ്സുള്ള ജനാർദനന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്.