ചാവക്കാട്: ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ എന്ന് അറിയിച്ചാലും ആ പിഴ തുക അടച്ചാൽ മതിയല്ലോ ഹെൽമെറ്റെന്ന ഭാരം തലയിൽ ചുമക്കേണ്ടല്ലോ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ഇരുചക്രവാഹന യാത്രികർ. പോലീസ് ചെക്കിംഗ് ഉണ്ട് എന്ന് സിഗ്നൽ മറ്റ് യാത്രികർ നൽകുമ്പോൾ മാത്രം ഹെൽമെറ്റ് ധരിക്കുന്നവരുമുണ്ട്. പല ആവർത്തി ഹെൽമെറ്റിന്റെ സുരക്ഷ പറഞ്ഞ് ബോധവത്കരിച്ചാലും ആ നിയമത്തെ മാത്രം അനുസരിക്കാൻ മടി കാണിക്കുന്ന പ്രവണതയ്ക്ക് തെല്ലും കുറവില്ല.
എന്നാൽ സ്വന്തം ജീവിതത്തിൽ നിന്ന് ഹെൽമെറ്റിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞിരിക്കുകയാണ് സ്‌കൂട്ടർ യാത്രികയായ 44 കാരി ജെന്നി. പുന്നത്തൂർ കോട്ടപ്പടി റോഡിൽ മേലിട്ട് അന്തോണിയുടെ ഭാര്യയാണ് ജെന്നി. ജീപ്പിന്റെ മുന്നിലെയും പിന്നിലെയും ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയിട്ടും യാതൊരു പരിക്കുകളും കൂടാതെയാണ് ജെന്നി ജീവനോടെ കൂളായി തിരികെ എത്തിയത്.
സഹോദരന് പിന്നാലെ അമ്മയും; തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു
ഈ വലിയ ദുരന്തത്തിൽ നിന്ന് ജെന്നിയെ ജീവിതത്തിലേയ്ക്ക് എത്തിക്കാൻ സഹായിച്ചത് അവർ ധരിച്ചിരുന്ന ഹെൽമെറ്റാണ്. പുന്നത്തൂർ ആനക്കോട്ടയ്ക്കു സമീപം രാവിലെ എട്ടോടെയായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറിൽ നിന്ന് ജെന്നി തെറിച്ചുവീണപ്പോൾ ജീപ്പിന്റെ ടയറുകൾ അവരുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു.
അപകടത്തിൽ ഹെൽമറ്റ് തകർന്നെങ്കിലും ഇടതു കണ്ണിന്റെ മുകൾഭാഗത്തും താഴെയും മാത്രമാണു ജെന്നിക്കു പരിക്കേറ്റത്. 15 തുന്നിക്കെട്ടുകളാണ് വേണ്ടി വന്നതെങ്കിലും ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിലാണ് ജെന്നി. ഇവർ അപകടനില തരണം ചെയ്തതായി മുതുവട്ടൂർ രാജ ആശുപത്രി അധികൃതർ അറിയിച്ചു. ചാവക്കാട് മെഹന്തി വെഡിങ് മാളിലെ ജീവനക്കാരിയാണ് ജെന്നി.