കൂത്താട്ടുകുളം: ‘ഒരു ടിക്കറ്റ് മാറ്റി വെച്ചേക്കണേ’ പതിവ് പോലെ കൂത്താട്ടുകുളത്തെ ശിവശക്തി ലോട്ടറി വില്പന കേന്ദ്രത്തിലേക്ക് സുരേഷ് വിളിച്ചു പറഞ്ഞു. സുരേഷ് ആവശ്യപ്പെട്ട പോലെ ടിക്കറ്റും രമേശ് മാറ്റി വെച്ചു. ഫലം വന്നപ്പോൾ മാറ്റി വെച്ച ടിക്കറ്റിന് ആണ് ഒരു കോടി രൂപ വീണത്.
ആ ടിക്കറ്റ് കൈക്കൽ ആക്കാതെ സുരേഷിനെ വിളിച്ച് കോടിപതി ആയ സന്തോഷം പങ്കുവെച്ചു. വ്യത്യസ്ത സീരിയലുകളിൽ ഇതേ നമ്പർ കൈയിലുണ്ടായിട്ടും രമേശ് ഒന്നാംസമ്മാനം അടിച്ച ടിക്കറ്റ് തന്നെ സുരേഷിന് നൽകുകയായിരുന്നു രമേശ്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടി സമ്മാനമാണ് വർക്ഷോപ്പ് ജീവനക്കാരനായ സുരേഷിനെ തേടി എത്തിയത്.
എല്ലാ ആഴ്ചയിലും സുരേഷ് ടിക്കറ്റ് എടുക്കുന്നത് പതിവ് ആണെന്ന് രമേശ് പറയുന്നു. താൻ കോടിപതി ആയെന്ന് അറിഞ്ഞ ഉടനെ സുരേഷ് ജോലി ചെയ്യുന്ന വർക്ഷോപ്പിൽ എത്തി ടിക്കറ്റും കൈമാറി. രമേശിന്റെ സത്യസന്ധതയിൽ സുരേഷിന് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും.
സമ്മാനാർഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിൽ ഏൽപ്പിച്ചു. അതേസമയം, മാധ്യമങ്ങൾക്ക് സുരേഷ് മുഖം നൽകിയില്ല. രമേശിന്റെ സത്യസന്ധതയ്ക്ക് പുറമെ രണ്ട് സമാശ്വാസ സമ്മാനവും ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റതിന്റെ കമ്മിഷനും ലഭിക്കും.
Discussion about this post