വനിതാ അധ്യാപകർക്ക് കോട്ട്, ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടാൻ പാടില്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഗോവണി, ഇടനാഴി തുടങ്ങിയ വിവേചനങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ച അധ്യാപികയെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാം സ്റ്റേറിയിലൂടെയാണ് റിമ പത്തനംതിട്ട കൊല്ലമുള ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ അധ്യാപിക റാണിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
വരും തലമുറ അർഹിക്കുന്ന അധ്യാപികയാണ് റാണി ടീച്ചറെന്നും വിദ്യാലയങ്ങളിൽ നടക്കുന്ന വേർതിരിവുകൾക്കും വിലക്കുകൾക്കും എതിരെ സംസാരിച്ചതിന് നന്ദിയെന്നും റിമ കുറിക്കുന്നു. ഇത്ര പുരോഗമനപരമായും ദീർഘദർശിയായും ചിന്തിക്കുന്ന അധ്യാപകരെയാണ് സമൂഹത്തിനാവശ്യം. സ്‌കൂളിലാണ് നമ്മുടെ ആദ്യ കാലഘട്ടം ചിലവഴിക്കുന്നത്.
അതിനാൽ തന്നെ പുരോഗമന ചിന്താഗതിയുള്ള, നവീനമായി ചിന്തിക്കുന്ന തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കുന്ന അധ്യാപകരെയാണ് സമൂഹത്തിനാവശ്യമെന്നും റിമ തന്റെ സ്റ്റേറിയിൽ കുറിച്ചു. അധ്യാപികയുടെ രാജി എത്തിയതിന് പിന്നാലെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.
പുരുഷ അധ്യാപകർക്കില്ലാത്ത കോട്ട് അധ്യാപികമാർക്ക് മാത്രം അടിച്ചേൽപിക്കുന്നത് വിവേചനമാണെന്നും തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും വിധം പ്രിൻസിപ്പൾ പെരുമാറിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അധ്യാപിക റാണി തന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
Discussion about this post