കോട്ടക്കല്‍: വര്‍ഷങ്ങളായി ഭിന്നശേഷിക്കാരായ മക്കള്‍ക്കൊപ്പംവാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന കുടുംബത്തിന് ആശ്വാസമായി സിപിഎം രംഗത്ത്. കോട്ടക്കല്‍ പാണ്ടമംഗലത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രവീണിന്റെയും (24 ) മിഥുന്റെയും (27) രക്ഷിതാക്കളായ പുഷ്പയുടേയും പ്രഭാകരന്റേയും വിഷമത്തിനാണ് അവസാനമാകുന്നത്. ആറ് മാസത്തിനകം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് കോട്ടക്കലിലെ സിപിഎം നേതാക്കള്‍ കുടുംബത്തിന് ഉറപ്പുനല്‍കിയിരിക്കുകയാണ്.
ഇവര്‍ താമസിക്കുന്ന കോട്ടക്കല്‍ നായാടിപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സിലെത്തി സിപിഎം ഏരിയ കമ്മിറ്റി അംഗം പുഷ്പരാജന്‍ വീട് നിര്‍മ്മാണത്തെ സംബന്ധിച്ച് അറിയിച്ചു. ലോക്കല്‍ സെക്രട്ടറി ടിപി ഷമീം അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പിവി സുര്‍ജിത്ത് പദ്ധതി വിശദീകരിച്ചു. മധു, ഹരിദാസ് കള്ളിയില്‍, പേക്കാട്ട് മോഹനന്‍, മുഹമ്മദ് കൊളക്കാടന്‍, ദേവരാജന്‍, മോഹനന്‍ കൊടിഞ്ഞി, രാജന്‍ മാഷ്, ഗോപാലകൃഷ്ണന്‍ മാതേരി, കുഞ്ഞിപ്പ കുനിക്കകത്ത്, ചെറ്റാരി സുധാകരന്‍, കെ മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു. കോട്ടപ്പടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ച് നല്‍കുക.
അപകടത്തെതുടര്‍ന്ന് വലതുകാലിന്റെ മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലാണ് പ്രവീണ്‍. മിഥുനും ഭിന്നശേഷിക്കാരനാണ്. രക്ഷിതാക്കള്‍ വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ കാരണം തൊഴിലെടുക്കാന്‍ സാധിക്കാത്തവരും. ഈ കുടുംബത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സിപിഎം ഇക്കാര്യത്തില്‍ ഇടപെട്ടത്.
പ്രവീണിന് അപകടത്തെതുടര്‍ന്ന് ലഭിച്ച പരിരക്ഷ ഫണ്ട് ഉപയോഗിച്ച് പാണ്ടമംഗലത്ത് വാങ്ങിയ അഞ്ച് സെന്റിലാണ് വീട് നിര്‍മിക്കുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടേയും സഹായത്തോടെയാണ് വീട് ഒരുക്കുക. വീട് നിര്‍മാണത്തിനുള്ള കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്ത് പുതിയ അക്കൗണ്ട് ആരംഭിക്കും. ഒക്ടോബര്‍ അവസാനവാരത്തില്‍ തറക്കല്ലിടാനാണ് പദ്ധതി.
കോട്ടക്കല്‍ മനോവികാസ് സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ക്ക് സഹായഹസ്തവുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തി. വീട് പണി കഴിയുന്നത് വരെയുള്ള താമസ സ്ഥലത്തിന്റെ വാടകയും കുടിശ്ശികയായി നല്‍കാനുള്ള പതിനായിരം രൂപയും സ്‌കൂള്‍ അധികൃതര്‍ ഏറ്റെടുക്കും.
Discussion about this post