പാലക്കാട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് പിന്നിട്ട് മലപ്പുറത്തേക്ക് കടന്നിരിക്കുകയാണ്. പാലക്കാട്ടെ യാത്രയുടെ സമാപന ദിനത്തില്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയോട് ചോദിച്ച ഒരു ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
‘പ്രായം 50 കഴിഞ്ഞല്ലോ. ഇപ്പോഴും യൂത്ത് എന്ന് വിളിക്കുന്നത് എങ്ങനെയാണ് ‘-എന്നാണ് കൊച്ചുമിടുക്കിയായ പാര്‍വതിക്ക് അറിയേണ്ടത്. മുന്‍ ഗവര്‍ണര്‍ അന്തരിച്ച കെ ശങ്കരനാരായണന്റെ പേരക്കുട്ടിയാണ് പാര്‍വതി. രാഹുല്‍ ഗാന്ധിയുടെ യാത്ര പാലക്കാട്ടെ കുളപ്പുള്ളിയില്‍ എത്തിയപ്പോഴാണ് പാര്‍വതി ഈ ചോദ്യം ചോദിച്ചുകൊണ്ട് രാഹുലിന് ഒപ്പം കൂടിയത്.
പാര്‍വതിയുടെ ഈ ചോദ്യം കേട്ടപ്പോള്‍ പാര്‍വതിയുടെ അമ്മ അനുപമ ഞെട്ടിയെങ്കിലും രാഹുല്‍ ചോദ്യത്തെ കുസൃതിയായി തന്നെ എടുക്കുകയായിരുന്നു. ‘ഞാനെന്നെ സ്വയം യുവാവെന്നു വിളിക്കാറില്ലല്ലോ. എന്റെ ജോലി ഇങ്ങനെയാണ്. നാട്ടുകാര്‍ എന്നെ പലതും വിളിക്കും. അവരുടെ സ്നേഹവും പരിഗണനയുമാണത്. അതങ്ങനെ പോകട്ടെ’- എന്നാണ് രാഹുല്‍ പറഞ്ഞൊഴിഞ്ഞത്.
രാഹുലിന്റെ മറുപടി കേട്ട് പാര്‍വതിക്കും സന്തോഷമായി. ഈ ചോദ്യത്തിനു സമ്മാനമായി മിഠായിയും രാഹുല്‍ നല്കി. 15 മിനിറ്റോളം രാഹുലും അനുപമയും പാര്‍വതിയും സംസാരിച്ചു നടക്കുകയും പിന്നീട് യാത്ര പറഞ്ഞ് പിരിയുകയുമായിരുന്നു.
Discussion about this post