കുന്നംകുളം: വീട്ടുകാർ എതിർത്ത പ്രണയ വിവാഹം നടത്തികൊടുത്ത മാർത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും ആക്രമിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. ആർത്താറ്റ് മാർത്തോമ പള്ളി വികാരി ഫാ. ജോബി, ഭാര്യ ഷൈനി എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
പ്രതിയായ കുന്നംകുളം കാണിയാമ്പാൽ സ്വദേശി തെക്കേക്കര വീട്ടിൽ വിൽസണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇടവകാംഗം കൂടിയായ യുവാവുമായി ജൂലായിലാണ് വിത്സണിന്റെ മകളുടെ വിവാഹം വൈദികൻ നടത്തി കൊടുത്തത്.
പ്രായപൂർത്തിയായ രണ്ടുപേരുടെ അപേക്ഷ ലഭിച്ചപ്പോൾ ബിഷപ്പുമായി സംസാരിച്ച് അനുമതി വാങ്ങി പള്ളിവികാരിയായ ഫാ. ജോബി ഇരുവരുടെയും വിവാഹം നടത്തി കൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ വിൽസൺ വൈദികന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
ഞായറാഴ്ച പള്ളിയിലെ കുർബാന കഴിഞ്ഞ് വികാരിയും ഭാര്യയും വീട്ടിലെത്തിയപ്പോഴാണ് വിത്സൺ വീട്ടിലെത്തി ആക്രമിച്ചത്. വീട്ടുകാരെ അധിക്ഷേപിച്ച് സംസാരിച്ച വിൽസൺ വീട്ടിലെ കസേരയും മറ്റു വസ്തുക്കളും വലിച്ചെറിഞ്ഞു.
ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ ഫാ. ജോബിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേൽക്കുകയായിരുന്നു. വികാരിയുടെ ഭാര്യയ്ക്കു നേരെയും അക്രമമുണ്ടായി. പള്ളിക്കമ്മിറ്റി അംഗങ്ങളും മറ്റും സ്ഥലത്തെത്തിയതോടെ ഇയാൾ സ്ഥലംവിടുകയും ചെയ്തു.
വൈദികനെയും ഭാര്യയെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പരാതി നൽകിയതോടെ പോലീസ് വിൽസണിനെ കാണിയാമ്പാലിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
Discussion about this post