തൃശ്ശൂര്‍: വധു ഒഴികെ ആരും ക്യാമറയിലേക്ക് ശ്രദ്ധിച്ചില്ല, ആ ഒരു ക്ലിക്കിന് അനൂപ് കൃഷ്ണയെ തേടിയെത്തിയത് രണ്ട് ലക്ഷം രൂപയാണ്. വധുവും പല മുഖഭാവങ്ങളുമായി പലനിറത്തിലുള്ള വേഷം ധരിച്ചവരുമാണ് ചിത്രത്തിലുള്ളത്. തൃശ്ശൂരിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് അനൂപ് കൃഷ്ണ. മുള്ളൂര്‍ക്കരയിലുള്ള ബന്ധുവിന്റെ വിവാഹത്തിന് ഫോട്ടോയെടുക്കാന്‍ പോയതായിരുന്നു അനൂപ്.
ഇന്ത്യയിലെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ ഇന്ത്യന്‍ ഫോട്ടോഫെസ്റ്റ്-2022 എന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലേക്ക് ഇത് അയച്ചു. ലൈറ്റ് ക്രാഫ്റ്റ് ഫൗണ്ടേഷന്‍, തെലങ്കാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ ഹൈദരാബാദ് സ്റ്റേറ്റ് ആര്‍ട്ട് ഗാലറിയിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
85 രാജ്യങ്ങളില്‍ നിന്നായി നാലായിരത്തില്‍ അധികം ഫോട്ടോഗ്രാഫര്‍മാര്‍ എട്ട് വിഭാഗങ്ങളിലായി മത്സരിച്ചിരുന്നു. ഇതില്‍ വെഡ്ഡിങ് വിഭാഗത്തില്‍ അനൂപ്കൃഷ്ണയുടെ വിവാഹപ്പടം ഒന്നാം സ്ഥാനം നേടി. ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പുറമേ ഒരു ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ ഫോട്ടോഗ്രാഫി ഉപകരണങ്ങളും അടങ്ങുന്ന സമ്മാനത്തിനും അര്‍ഹനായി. മത്സരത്തിലെ ചീഫ് ജൂറിയായിരുന്ന രഘുറായ് സമ്മാനം നല്‍കിയതോടെ വിജയത്തിന് ഇരട്ടി മധുരം. ഭാര്യ ശാലിനിയുമൊത്താണ് അനൂപ് സമ്മാനം വാങ്ങാന്‍ പോയത്.
രഘുറായിക്ക് പുറമേ നാഷണല്‍ ജ്യോഗ്രഫി ഫോട്ടോ എഡിറ്റര്‍ ഡൊമിനിക് ഹില്‍ഡ, കാലിഫോര്‍ണിയ നാച്വര്‍ ഫോട്ടോഗ്രാഫര്‍ സപ്ന റെഡ്ഡി, നാഷണല്‍ ജ്യോഗ്രഫി ഫോട്ടോഗ്രാഫര്‍ പ്രിസണ്‍ചിത് യാദവ്, വിനീത് വോഹ്ര, മനോജ് യാദവ്, പൊട്രിയ വെന്കി എന്നിവര്‍ അടങ്ങിയ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്.
14 വര്‍ഷമായി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്ന അനൂപ്കൃഷ്ണ തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ഫോട്ടോ ആര്‍ട്ട് എന്ന സ്ഥാപനം നടത്തുന്നു. 2019-ലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, ഐവിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഡിജെ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി മെറിറ്റ് അവാര്‍ഡ്, മോനോക്രോം ഇന്റര്‍നാഷണല്‍ അവാര്‍ഡ്,ഇന്ത്യന്‍ പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ഇമാജിന്‍ നാഷണല്‍ ടോപ് ട്രിയോ അവാര്‍ഡ്, എ.കെ.പി.എ. ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. കൊട്ടേക്കാട് പുതുക്കുളങ്ങര വീട്ടില്‍ സദാനന്ദന്റേയും പരേതയായ ഭാരതിയുടേയും മകനാണ്.#