കോട്ടയം: സ്നേഹിച്ച് കൊതിതീരും മുന്‍പ് വിട്ടുപിരിഞ്ഞ മകന് നേവിസ് സാജന് പകരമായി ഏഴ് മക്കളെ കിട്ടിയെന്ന ആശ്വാസമാണ് സാജനേയും ഷെറിനേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവയവദാന ചരിത്രത്തിലെ നാഴികക്കല്ലായ സംഗമം കോട്ടത്ത് നടന്നപ്പോഴാണ് അപൂര്‍വമായ കൂടിച്ചേരല്‍ ഉണ്ടായത്.
കളത്തിപ്പടി പീടികയില്‍ വീട്ടില്‍ സാജന് മാത്യുവും ഷെറിനും മകന് നേവിസ് സാജന്റെ (25) ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നുവോ ഫൗണ്ടേഷന് ആരംഭിച്ചത്. ഈ സംഘടനയുടെ ഉദ്ഘാടനവും അവയവ സ്വീകര്‍ത്താക്കളുടെ സംഗമവും കഴിഞ്ഞദിവസമാണ് കോട്ടയത്ത് നടന്നത്. അവയവദാനത്തിന്റെ മഹത്തായ സന്ദേശം പകരുന്നതാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.
സാജന്റേയും ഷെറിന്റേയും മകനായ നേവിസ് സാജന് മസ്തിഷ്കമരണം സംഭവിച്ചതോടെയാണ് കുടുംബം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. നേവിസിന്റെ അവയവങ്ങള്‍ സ്വീകരിച്ചവര്‍ എല്ലാം സംഗമത്തില്‍ നിറമിഴികളോടെ പങ്കെടുത്തു. നേവിസിന്റെ ഹൃദയം സ്വീകരിച്ച കണ്ണൂര്‍ സ്വദേശി പ്രേംചന്ദ് (56), കരള്‍ സ്വീകരിച്ച നിലമ്പൂര്‍ സ്വദേശി വിനോദ് ജോസഫ് (44), കൈകള്‍ സ്വീകരിച്ച ബെല്ലാരി സ്വദേശി ബസവന ഗൌഡ (34), വൃക്കകള്‍ സ്വീകരിച്ച മലപ്പുറം പനയ്ക്കല്‍ അന്‍ഷിഫ് (17), തൃശൂര്‍ സ്വദേശി ബെന്നി (46), കണ്ണ് സ്വീകരിച്ച വാകത്താനം സ്വദേശി ലീലാമ്മ തോമസ് (70) എന്നിവര്‍ തങ്ങള്‍ക്ക് പുനര്ജന്മം നല്കിയ നേവിസിന്റെ പ്രിയപ്പെട്ട ‘പപ്പയെയും അമ്മയെയും’ കാണാനെത്തുകയായിരുന്നു.
അവയവസ്വീകര്ത്താക്കളുടെ കൂട്ടായ്മ കണ്ടുനിന്നവരെ പോലും കണ്ണീരിലാഴ്ത്തി. മറ്റൊരു കണ്ണ് സ്വീകരിച്ചയാള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.’സാജനും ഷെറിനും ഇപ്പോള്‍ ഞങ്ങളുടെ പപ്പയും അമ്മയുമാണ്. അവര്‍ ദിവസവും രാത്രി ഞങ്ങളെ വിളിക്കും. ആരോഗ്യ വിവരങ്ങള്‍ തിരക്കും. ഓരോ കുഞ്ഞു വിശേഷങ്ങളും ചോദിച്ചറിയും’- ഒരേ സ്വരത്തില്‍ ആറ് പേര്‍ക്കും പറയാനുള്ളത് ഇക്കാര്യം മാത്രം.
സിഎഡബ്ല്യു വിദ്യാര്‍ഥിയായിരുന്ന നേവിസ് (25) ഹൈപ്പര്‍ ഗ്ലൈസീമിയ രോഗം മൂലം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് മരിച്ചത്. ഭക്ഷണം കഴിച്ച് പ്രാര്‍ഥനയ്ക്കു ശേഷം ഉമ്മയും തന്ന് ഉറങ്ങാന്‍ പോയ ഞങ്ങളുടെ മകന് പിന്നീടു കണ്ണു തുറന്നിട്ടില്ല. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാമെന്നു തീരുമാനിച്ചത്. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഒരു മകനാണ്. എന്നാല്‍ 7 കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ തിരിച്ചു കിട്ടിയെന്നാണ് സാജന് നിറകണ്ണുകളോടെ പറയുന്നത്.
ചടങ്ങിന് ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ്, ജോസ് കെ.മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. നോബിള്‍ ഗ്രേഷ്യസ്, ഡോ. ജേക്കബ് വര്‍ഗീസ്, റോയി ജോണ്‍ ഇടത്തറ, ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ.വി. നന്ദകുമാര്‍, ഡോ. രാമചന്ദ്രന്, കോശി കല്ലൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയുമായി സഹകരിച്ച് 500 പേര്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കാനുള്ള തുകയും ചടങ്ങില്‍ വെച്ച് നേവിസിന്റെ കുടുംബം കൈമാറിയിട്ടുണ്ട്.
Discussion about this post