കടത്തുരുത്തി: 80-ാം വയസിൽ ഡിഗ്രി പഠിക്കാനൊരുങ്ങി അന്നമ്മ. പ്ലസ് ടുവിന്റെ തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടിയതിന് പിന്നാലെയാണ് ഞീഴൂർ വാക്കാട് പനച്ചിക്കൽ പരേതനായ പി.സി.മത്തായിയുടെ ഭാര്യ പി.സി.അന്നമ്മ ഡിഗ്രി എടുക്കാൻ ഒരുങ്ങുന്നത്. പ്രായത്തെ തോൽപ്പിച്ച് പഠിക്കാൻ ഇറങ്ങി തിരിച്ച അന്നമ്മയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റിൽ നടന്ന പരീക്ഷയിലാണ് അന്നമ്മ മികച്ച വിജയം കരസ്ഥമാക്കിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പഠിതാവായിരുന്നു അന്നമ്മ. ജില്ലയിൽ തുല്യതാ പരീക്ഷയെഴുതിയവരിൽ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥി കൂടിയാണ്. അഞ്ചാം ക്ലാസ് വരെയേ അന്നമ്മ സ്കൂളിൽ പഠിച്ചിട്ടുള്ളൂ.
പാസ്റ്ററായ മത്തായിയെ 1970ൽ വിവാഹം ചെയ്തതോടെ പഠനം സ്വപ്നം മാത്രമായി. 3 ആൺമക്കളുണ്ട്. വാക്കാടിൽ ഇപ്പോൾ തനിച്ചാണ് അന്നമ്മയുടെ താമസം. 2019ൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ 89% മാർക്കോടെ പാസായിരുന്നു. അന്നമ്മ ക്ലാസിലെ മികച്ച വിദ്യാർഥിയാണെന്നു സെന്റർ കോഓർഡിനേറ്റർ എ.എസ്.ബിന്ദുമോൾ പറയുന്നു. വീട്ടിൽ തനിയെ ആയപ്പോൾ 2018ലാണ് അന്നമ്മയ്ക്ക് പഠിക്കണമെന്ന മോഹം ഉദിച്ചത്. ‘ആരോഗ്യമുള്ളിടത്തോളം കാലം പഠിക്കണം. ഡിഗ്രികൾ സമ്പാദിക്കണം’ അന്നമ്മ പറയുന്നു.
Discussion about this post