മൂന്നാര്‍: അയല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്റെ മാല മോഷ്ടിച്ച് പണയം വച്ച് യുവതി, കേസായതോടെ മോഷണ മുതല്‍ തിരിച്ചുനല്‍കി. നല്ല തണ്ണി ഈസ്റ്റ് ഡിവിഷനിലെ ആറു മുറി ലയത്തിലാണ് മോഷണം നടന്നത്. ടൗണിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ യുവാവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
യുവാവും ഭാര്യയും മക്കളും അമ്മയുമാണ് ഇവിടെ താമസിക്കുന്നത്. തോട്ടം തൊഴിലാളിയായ അമ്മയും മകനും ജോലിക്കു പോകുകയും കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാനായി യുവതി പുറത്തു പോകുകയും ചെയ്ത സമയത്താണ് അലമാരയിലുണ്ടായിരുന്ന അഞ്ച് പവന്റെ മാല തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന യുവതി മോഷ്ടിച്ചത്.
മോഷ്ടിച്ച മാല യുവതി മൂന്നാറിലെ ഒരു സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ 1.30 ലക്ഷം രൂപക്ക് പണയം വച്ചു. കുട്ടികളെ വിട്ടു മടങ്ങിയെത്തിയ യുവതി മോഷണ വിവരമറിഞ്ഞില്ല. രാത്രി ഭര്‍ത്താവ് ജോലി കഴിഞ്ഞെത്തി അലമാര തുറന്നപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിഞ്ഞത്. അലമാരയിലുണ്ടായിരുന്ന 25000 രൂപയും മറ്റ് സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.
പിറ്റേന്ന് രാവിലെ യുവാവ് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും അടിമാലി, മൂന്നാര്‍ മേഖലകളിലെ സ്വര്‍ണക്കടകള്‍, സ്വര്‍ണ പണയ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ വിവരമറിയിക്കുകയും ചെയ്തു.
മോഷണമുതലാണ് പണയം വച്ചതെന്ന് മനസിലായ മൂന്നാറിലെ സ്വര്‍ണ പണയ സ്ഥാപനമുടമ പണയം വച്ച യുവതിയുടെ ഭര്‍ത്താവും ടൗണിലെ ഓട്ടോ ഡ്രൈവറുമായ യുവാവിനെ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് മാലയുടെ ഉടമ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി കേസ് പിന്‍വലിക്കണമെന്നും നാണം കെടുത്തരുതെന്നും അപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് പണയം വച്ചിരുന്ന സ്വര്‍ണം എടുത്ത് മടക്കി നല്‍കി പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയത്. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയും പിന്‍വലിച്ചു.