ആലുവ: ഹര്‍ത്താല്‍ ദിനത്തില്‍ സ്വയ രക്ഷയ്ക്കായി ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ആലുവ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സമാനമായി മറ്റു പലയിടങ്ങളിലും ഇത്തരത്തില്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പലരും പങ്കുവെക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും ആക്രമികള്‍ കല്ലെറിഞ്ഞു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ് ഉണ്ടായി. ഉളിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ധര്‍മ്മടം സ്വദേശി രതീഷിന് പരുക്കേറ്റു.
വളപട്ടണം പാലത്തിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ ഏഴരയോടെയാണ് കല്ലേറുണ്ടായി. കല്ലേറില്‍ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരുക്കേറ്റു.
അതേസമയം, കെഎസ്ആര്‍ടിസി ബസിനെതിരായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നഷ്ടപരിഹാരം സമ്പൂര്‍ണ്ണമായും അവരില്‍ നിന്നും ഈടാക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
Discussion about this post