എന്‍ഐഎയുടെ അന്വേഷണം തീവ്രവാദ ഫണ്ടിംഗ്; മൂന്നാറിലെ വില്ല പ്രൊജക്ടില്‍ കള്ളപ്പണം വെളുപ്പിച്ചത് അന്വേഷിക്കാന്‍ ഇഡി; ദേശീയ ഏജന്‍സികള്‍ ഒരേ സമയം അന്വേഷണത്തിന്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് ഉപയോഗിക്കുന്നതിനെ സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. ഇതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത് സംഘടനയുടെ കള്ളപ്പണം വെളുപ്പിക്കലുമായുള്ള ബന്ധംമാണ്. പിഎഫ്‌ഐ നേതാക്കള്‍ക്കെതിരേ രണ്ടു കുറ്റപത്രങ്ങള്‍ ഇതുവരെ ഇഡി സമര്‍പ്പിച്ചിട്ടുണ്ട്.

മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പി.എഫ്.ഐ. നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരേയുള്ളതാണ് ഒരു കേസ്. മറ്റൊന്ന് യുപിയില്‍ പിടിയിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട കേസാണ്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഹാഥ്രസ് സംഭവത്തിനുപിന്നാലെ വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നാരോപിച്ച് പിഎഫ്‌ഐ വിദ്യാര്‍ഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെ പേരിലും കേസെടുത്തിരുന്നു. അന്ന് പ്രതി ചേര്‍ക്കപ്പെട്ട കെഎ റൗഫ് ഷെരീഫ്, ആതികുര്‍ റഹ്‌മാന്‍, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പന്‍ എന്നിവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു.

കൂടാതെ, പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ട് കേസില്‍ എന്‍.ഐ.എ. പ്രതി ചേര്‍ത്ത പിഎഫ്‌ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം അഷറഫ് ഖാദിര്‍ അബുദാബിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ദര്‍ബാര്‍ റെസ്റ്റോറന്റിന്റെ ഉടമയായിരുന്നുവെന്നും ഇഡിയുടെ ആരോപണത്തിലുണ്ട്.

also read- കെഎസ്ആര്‍ടിസിക്ക് നല്‍കിയ പരസ്യം പിന്‍വലിച്ച് പ്രമുഖ ജ്വല്ലറി: പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവും കേസും ജ്വല്ലറി വഹിക്കും

ഇപ്പോള്‍ ഇഡി എടുത്തിരിക്കുന്ന കേസ് പ്രകാരം അബ്ദുള്‍ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റു പിഎഫ്‌ഐ നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാര്‍ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് ചേര്‍ത്തിരിക്കുന്നത്.

മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഡിവിഷന്‍ പ്രസിഡന്റു കൂടിയായിരുന്ന അബ്ദുള്‍ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലെ ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഏജന്‍സി പറയുന്നു.


റിഹാബ് ഇന്ത്യ ഫൗണ്ടേഷന് യുഎഇയില്‍നിന്ന് 34 ലക്ഷം രൂപ കൈമാറിയതും എസ്ഡിപിഐ പ്രസിഡന്റ് എംകെ ഫൈസിക്ക് രണ്ടുലക്ഷം രൂപ കൈമാറിയതും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ 19 കോടി എത്തിച്ചതും അബ്ദുള്‍ റസാഖ് പീടിയേക്കലാണ് എന്നാണ് ഇഡിയുടെ ആരോപണം.

Exit mobile version