തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെള്ളയണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയതിന് പിന്നാലെ സദാചാര ആക്രമണം നടത്തി ഒരു സംഘം. തിരുവനന്തപുരം പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ എത്തിയ പെണ്‍കുട്ടികളടക്കമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്.
കുട്ടികളെ തടഞ്ഞ് വച്ച് വടി കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു. പെണ്‍കുട്ടികളടക്കമുള്ള കുട്ടികളെയാണ് നാട്ടുകാരായ ചിലര്‍ വടി ഉപയോഗിച്ച് മര്‍ദ്ദിച്ചത്.ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലിനാണ് സംഭവം നടന്നത്.
സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആണ്‍കുട്ടിയ്ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നുവെന്നാണ് കുട്ടികള്‍ പറയുന്നത്.
വെള്ളായണിക്കല്‍ സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദിച്ചത്. സംഭവത്തില്‍ ഇയാള്‍ക്ക് എതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തെങ്കിലും നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷപമാണ് ഉയരുന്നത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് പോലീസ് ഇതുവരെ കേസെടുത്തത്.