വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു; പ്രണയിനിയെ വിളിച്ചിറക്കി പഞ്ചായത്തിലെത്തി യുവാവ്; താലിയെടുത്ത് നല്‍കി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: വര്‍ഷങ്ങളായുള്ള പ്രണയത്തിനും വിവാഹത്തിനും യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ വിവാഹം നടത്തി കമിതാക്കള്‍. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാറിന്റെ സഹായത്തോടെയാണ് അവരുടെ ഓഫിസില്‍ വെച്ച് വിവാഹം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് തന്നെ മുന്നില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കുകയും താലിയെടുത്ത് കൊടുക്കുകയും ചെയ്തതോടെയാണ് യുവതിയ്ക്കും യുവാവിനും പ്രണയസാഫല്യമുണ്ടായത്.

കെഡിഎച്ച്പി കമ്പനിയുടെ വാഗുവര ലോവര്‍ ഡിവിഷന്‍ സ്വദേശികളായ വര്‍ഗീസ് തങ്കം ദമ്പതികളുടെ മകന്‍ സുധന്‍ സുഭാഷ് (28), ഇതേ ഡിവിഷനിലെ ബെന്നി തമിഴ് സെല്‍വി ദമ്പതികളുടെ മകള്‍ നിവേദ(22) എന്നിവരാണ് പഞ്ചായത്ത് ഓഫീസില്‍ വെച്ച് വിവാഹിതരായത്.

ചെന്നൈയില്‍ ഡ്രൈവറാണ് സുധന്‍. നിവേദയുമായി നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. സുധനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി വിവാഹം നടത്തി തരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു എങ്കിലും കടുത്ത എതിര്‍പ്പാണ് ഉണ്ടായത്. തുടര്‍ന്ന് പഞ്ചായത്തംഗമായ ഉമാ രമേശ് യുവതിയുടെ വീട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നുള്ള കടുത്ത ഭീഷണി നേരിട്ടതോടെയാണ് രണ്ടു പേരും മെംബറായ ഉമയോടൊപ്പം പഞ്ചായത്തിലെത്തി പ്രസിഡന്റിനോട് വിവരം പറഞ്ഞത്.

also read- ഈ നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നത്, താങ്കള്‍ ആ പേരിന് അര്‍ഹനാണ്; വ്യാജപ്രചാരകനോട് കടുത്തഭാഷയില്‍ സംവിധായകന്‍ വിനയന്‍

തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫിസില്‍ വച്ചു തന്നെ വിവാഹം കഴിക്കാന്‍ ഇരുവരും തയാറായതോടെ പ്രവീണ ഈ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചു. പിന്നാലെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു.

താലിമാലയും വിവാഹമോതിരങ്ങളുമായി ബന്ധുക്കള്‍ പഞ്ചായത്ത് ഓഫീസിലെത്തുകയും പ്രസിഡന്റ് പ്രവീണ എടുത്തു നല്‍കിയ താലിമാല സുധന്‍, ബന്ധുക്കളും പഞ്ചായത്തംഗങ്ങളായ ഉമ, പി മേരി എന്നിവരുടെ സാന്നിധ്യത്തില്‍ നിവേദയുടെ കഴുത്തില്‍ ചാര്‍ത്തുകയുമായിരുന്നു. പഞ്ചായത്തിലെ ജീവനക്കാര്‍ക്കും പഞ്ചായത്തംഗങ്ങള്‍ക്കും മധുരം നല്‍കിയ ശേഷമാണ് ബന്ധുക്കള്‍ക്കൊപ്പം ഇരുവരും സുധന്റെ മടങ്ങിയത്.

Exit mobile version