കാസര്‍കോട്: ഫ്രാന്‍സില്‍ നിന്നുള്ള അലക്‌സാണ്ടര്‍ പെര്‍സനും കൊച്ചുകേരളത്തില്‍ നിന്നുള്ള അപൂര്‍വ്വയ്ക്കും നീണ്ട കാത്തിരിപ്പിന് ശേഷം പ്രണയസാഫല്യം. സിംഗപ്പൂരില്‍ പഠനത്തിനിടയിലാണ് അലക്സാണ്ടര്‍ കാസര്‍കോട് കുഡ്‌ലു സ്വദേശിയായ അപൂര്‍വ്വ ഷാന്‍ബോഗും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. കോളേജിലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനിടെയാണ് ഇരുവരുടെയും പരിചയപ്പെടലും പതിയെയുള്ള പ്രണയവും. ഒരു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ അലക്‌സാണ്ടര്‍ ബന്ധുക്കളെ സാക്ഷിയാക്കി ഹിന്ദു ആചാരപ്രകാരം അപൂര്‍വ്വയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. കുഡ്ലുവിലെ വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു വിവാഹം.
എന്‍ജിനീയറിങ്ങിനുശേഷം എംബിഎ പഠനത്തിനായാണ് അപൂര്‍വ്വ സിംഗപ്പൂരിലെത്തിയത്. എന്‍ജിനീയറിങിന് ശേഷമാണ് അലക്സാണ്ടറും എംബിഎ പഠനത്തിനായി സിംഗപ്പൂരിലെത്തിയത്. അപൂര്‍വ്വയുടെ കോളജിന്റെ സമീപത്തായിരുന്നു അലക്സാണ്ടറും പഠിച്ചിരുന്നത്. രണ്ടുപേരും കോളജിലെ ബാഡ്മിന്റണ്‍ കളിക്കാരായിരുന്നു. അപൂര്‍വ്വയുടെ കോളജില്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി അലക്സാണ്ടര്‍ എത്തിയിരുന്നു. അപൂര്‍വ്വയും കോളേജിന്റെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങിയിരുന്നു. ഇരുവരും തമ്മില്‍ നടന്ന മത്സരത്തില്‍ വിജയം അപൂര്‍വ്വക്കായിരുന്നു. കളിക്കളത്തിലെ ആരാധനയാണ് ഇവരെ പ്രണയത്തിലേക്കും ജീവിതത്തിലേക്കും എത്തിച്ചത്. ഇരുവരും കഴിഞ്ഞ ആറ് മാസമായി കൊച്ചിയിലെ ഫ്രഞ്ച് കമ്പനിയായ ടിഎന്‍പിയില്‍ എന്‍ജിനീയര്‍മാരാണ്.
ഇരുവരുടെയും വിവാഹത്തിന് സാക്ഷിയാകാന്‍ രണ്ടുദിവസം മുമ്പുതന്നെ ഫ്രാന്‍സില്‍ നിന്ന് അലക്സാണ്ടറുടെ പിതാവ് ഫിലിപ്പ് പെര്‍സനും മാതാവ് അഗ്നീസ് പെര്‍സനും രണ്ട് സഹോദരന്മാരും 25 സുഹൃത്തുക്കളും എത്തിയിരുന്നു. കേരളീയ വസ്ത്രങ്ങളണിഞ്ഞാണ് ഇവര്‍ വിവാഹത്തില്‍ പങ്കെടുത്തത്. കുഡ്‌ലു ഗ്രീന്‍ഫീല്‍ഡില്‍ ഡോ. കെകെ ഷാന്‍ബോഗിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് അപൂര്‍വ്വ.