കാക്കനാട്: നിയമപരമായി ഒരു വിവാഹബന്ധം നിലനില്‍ക്കുന്നതിനിടെ മറ്റൊരു വിവാഹം കഴിച്ച റവന്യൂ ഉദ്യോഗസ്ഥനേയും ഇതേ വകുപ്പില്‍ ജോലി ചെയ്യുന്ന രണ്ടാം ഭാര്യയേയും സസ്‌പെന്‍ഡ് ചെയ്തു. ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവ ദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍ആര്‍) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എംപി പദ്മകുമാറും ഭാര്യ തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ആര്‍) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിതയുമാണ് സസ്‌പെന്‍ഷനിലായത്.
നിലനില്‍ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചതെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണെന്നും ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും കളക്ടര്‍ ഉത്തരവിറക്കി.