പുതുനഗരം: വിവാഹത്തിന് രണ്ട് ദിവസം മുൻപ് കാണാതായ വരനെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് പുതുനഗരം സ്വദേശിയായ പ്രതീഷിനെ കണ്ടെത്തിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു. ഓഗസ്റ്റ് 26-നാണ് പുതുനഗരം കരിപ്പോട് കൂനംകുളമ്പ് പ്രിയദർശിനി കോളനിയിൽ 31കാരനായ സി. പ്രതീഷിനെ കാണാതെയായത്.
ഇതോടെ ഓഗസ്റ്റ് 29-ന് കൊല്ലങ്കോട് ആനമാറി സ്വദേശിനിയുമായി നടക്കാനിരുന്ന വിവാഹവും മുടങ്ങുകയായിരുന്നു. വിവാഹ നടത്തിപ്പിന് പണം ഇല്ലാത്തതിനാൽ ഉണ്ടായ മനോവിഷമത്തിലാണ് നാടുവിട്ടതെന്ന് പ്രതീഷ് പറയുന്നു. സങ്കടം സഹിക്കാനാകാതെ മദ്യപിക്കുകയും തുടർന്ന് പൊള്ളാച്ചി, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോവുകയുമായിരുന്നുവെന്ന് പ്രതീഷ് പോലീസിനോട് പറഞ്ഞു.
അവിടെ നിന്നാണ് പ്രതീഷ് വിശാഖപട്ടണത്തിലേയ്ക്ക് പോയത്. കഴിഞ്ഞയാഴ്ച പ്രതീഷ്, തന്റെ സ്മാർട്ട് ഫോൺ ബംഗളൂരു റെയിൽവേസ്റ്റേഷനു സമീപം വെച്ച് കർണാടകസ്വദേശിക്ക് 2500 രൂപയ്ക്ക് വിറ്റതാണ് പ്രതീഷിനെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. പ്രതീഷിൽ നിന്ന് ഫോൺ വാങ്ങിയ ആൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ സൈബൽ സെൽ വിഭാഗം ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, പുതുനഗരം പോലീസ് ഫോൺ വാങ്ങിയയാളെ ബംഗളൂരു പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. തുടർന്ന്, ചോദ്യംചെയ്തതിൽ സ്റ്റേഷനുസമീപംവെച്ച് പ്രതീഷ് ഫോൺ തനിക്ക് വിറ്റതായും പാലക്കാട് ബാർബർ ഷോപ്പ് നടത്തുന്നയാളാണെന്നും നാട്ടിൽപ്പോകാൻ പണമില്ലാത്തതിനാലാണ് ഫോൺ വിൽക്കുന്നതെന്നുമാണ് പറഞ്ഞതെന്ന് ഇയാൾ പറഞ്ഞു. ഇതിനിടെ വിശാഖപട്ടണത്തുനിന്ന് പ്രതീഷ് ബന്ധുവിന് ഫോൺ ചെയ്തത് വഴിത്തിരിവായി. ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതീഷിനെ പോലീസ് കണ്ടെത്തി പിടികൂടിയത്.