തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വൻ തർക്കം. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസിൽ കക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടാണ് വനിതാ പോലീസുകാർ തമ്മിൽ തർക്കം നടന്നത്. പരസ്പരം പോർവിളി നടത്തിയത് വനിതാ എസ്‌ഐ നോക്കിനിൽക്കെയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരിൽ ചിലരാണ് ദൃശ്യങ്ങൾ പകർത്തിയത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. ഒരു വിവാഹിതൻ പതിനെട്ട് വയസ്സുകാരിയുമായി ഒളിച്ചോടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് കണ്ടെത്തുകയും ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്.ഐ വനിതാ പോലീസുകാരിൽ ഒരാളോട് നിർദേശിച്ചു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥർ തമ്മിൽ പോര് വിളി നടത്തിയത്.
ആരാണ് സീനിയർ, ജൂനിയർ എന്നത് സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായാണ് വിവരം. ‘എനിക്ക് സൗകര്യമില്ല ചെയ്യാൻ’ എന്നതുൾപ്പെടെ പോലീസുകാരിൽ ഒരാൾ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Discussion about this post