തിരുവനന്തപുരം: പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റ യുവതിയ്ക്ക് ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി ചെയ്ത് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കൊണ്ടുവന്ന് തിരുവനന്തപുരം മെഡി. കോളേജിലെ ഡോക്ടര്‍മാരുടെ സംഘം. സ്വകാര്യ ആശുപത്രിയില്‍ പത്തര ലക്ഷം രൂപ വേണ്ടിവരുമെന്ന് അറിയിച്ച ശസ്ത്രക്രിയയാണ് തിരുവനന്തപുരം മെഡി. കോളേജില്‍ സൗജന്യമായി ചെയ്തത്.
ശനി രാത്രി 12ന് ആരംഭിച്ച ശസ്ത്രക്രിയ നടപടികള്‍ പൂര്‍ത്തിയാക്കി ഞായര്‍ പകല്‍ ഒന്‍പതു മണിയോടെ യുവതിയെ തീവ്രപരിചരണവിഭാഗത്തിലേയ്ക്കു മാറ്റി. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്തേഷ്യയിലെയും ഡോക്ടര്‍മാര്‍ വിശ്രമമില്ലാതെ നടത്തിയ എട്ടുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വ സ്ഥിതിയിലാക്കിയത്.
അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്നതിന് അതിസങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവന്നു. അസ്ഥിരോഗ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിനോയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
ശനിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിലെ കലഞ്ഞൂര്‍ സ്വദേശിയായ വിദ്യയെ ഭര്‍ത്താവ് സന്തോഷ് വീട്ടിലെത്തി ആക്രമിച്ചത്. ഏറെ നാളായി പരസ്പരം മാറിക്കഴിഞ്ഞിരുന്ന ദമ്പതികള്‍ വിവാഹമോചനത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ സന്തോഷ് വിദ്യയുടെ വീട്ടിലെത്തിയെങ്കിലും കുട്ടിയുടെ കാര്യം പറഞ്ഞ് വഴക്കിട്ട് തിരിച്ചുപോയി. ഇതിന് ശേഷം വിദ്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് വീടിന്റെ പിന്‍വാതിലിലൂടെ കയറി വടിവാളുമായി വെട്ടിയത്. കഴുത്തിനാണ് വെട്ടിയതെങ്കിലും തടയാന്‍ ശ്രമിക്കവെ ഇടത് കൈയ്യില്‍ കൊള്ളുകയായിരുന്നു.
Read Also: ഹിജാബില്ലാതെ പഠിക്കാനാവില്ല: കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി വിദ്യാര്‍ഥിനി
വിദ്യയുടെ വലത് കൈയ്യിലും സാരമായ പരുക്കുണ്ട്. മകളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ വിദ്യയുടെ അച്ഛന്‍ വിജയനും വെട്ടേറ്റു. ഇദ്ദേഹത്തിന് മുതുകിലാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ സന്തോഷ് അറസ്റ്റിലാണ്.
സ്വകാര്യ ആശുപത്രിയില്‍ പത്തര ലക്ഷം രൂപ ചെലവ് പറഞ്ഞുവെന്ന് മാത്രമല്ല, ശസ്ത്രക്രിയ നടത്തിയാലും അത് വിജയമാകുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞുവെന്ന് കുടുംബം പറയുന്നു. തലസ്ഥാനത്തെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെത്തിയത്. എന്തായാലും മെഡിക്കല്‍ കോളേജില്‍ ഇത്തരത്തില്‍ നിര്‍ണായകമായൊരു ശസ്ത്രക്രിയ നടത്തുന്നത് ഇതാദ്യമായാണ്. കേരളത്തിന് അഭിമാനമാവുകയാണ് ഈ നേട്ടം.