ഓണം ബംബറിന്റെ ഒന്നാം സമ്മാനം കൈയ്യിലൂടെ വഴുതി പോയി; രഞ്ജിതയ്ക്ക് സങ്കടമില്ല; ലഭിച്ചത് സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം!

തിരുവനന്തപുരം: ഓണം ബംബറിന്റെ ഒന്നാം സമ്മാനം അവസാന നിമിഷം കൈയ്യിലൂടെ വഴുതി പോയ രഞ്ജിതയ്ക്ക് അതേ നമ്പറില്‍ സമാശ്വാസ സമ്മാനം. കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്ആര്‍എ 41-ല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ രഞ്ജിത വി നായര്‍ക്കാണ് അഞ്ചുലക്ഷത്തിന്റെ സമാശ്വാസസമ്മാനം കിട്ടിയത്.

രഞ്ജിത ആദ്യമായാണ് ലോട്ടറി ടിക്കറ്റെടുക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ടിക്കറ്റ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. ഈ സമയത്ത് ടിക്കറ്റ് വാങ്ങാനെത്തിയ രഞ്ജിത ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനെ തഴുകി കൊണ്ട് മറ്റൊരു ടിക്കറ്റ് എടുക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒന്നാം സമ്മാനം വഴുതി പോയത് വലിയ വാര്‍ത്തയായിരുന്നു എങ്കിലും തനിക്ക് വിഷമമില്ലെന്നാണ് രഞ്ജിത പറയുന്നത്.

ടി.ജെ.750605 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചപ്പോള്‍ തൊട്ടടുത്ത ടിക്കറ്റ് ടി.ജി. സീരീസില്‍ അതേ നമ്പരിലുള്ള ടിക്കറ്റായിരുന്നു. ഇതാണ് രഞ്ജിതയെടുത്തത്. ടിക്കറ്റ് എടുത്തപ്പോള്‍ മുതല്‍ നമ്പര്‍ മനസ്സില്‍ മായാതെ കുറിച്ചിട്ടിരുന്നുവെന്നും ഫലം പുറത്തുവന്നപ്പോള്‍ രഞ്ജിത സമാശ്വാസസമ്മാനം ഉറപ്പിച്ചു.

സമ്മാനം ഉറപ്പായതോടെ തിങ്കളാഴ്ച ലോട്ടറി ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി. അഞ്ചുലക്ഷം രൂപയില്‍ നികുതി ഒഴിവാക്കിയുള്ള 3,15,000 രൂപ വികാസ്ഭവന്‍ സബ് ട്രഷറിയിലേക്ക് മാറ്റുകയും ചെയ്തു. പ്ലംബറായ ബി വിനുവാണ് ഭര്‍ത്താവ്. വിദ്യാര്‍ഥിയായ മാളവിക മകളുമാണ്.

ALSO READ- വിറകുപുരയിലെ സഞ്ചിയില്‍ കൈയ്യിട്ടപ്പോള്‍ പാമ്പ് കടിയേറ്റു; സ്‌കൂള്‍ പാചകത്തൊഴിലാളിക്ക് ദാരുണമരണം

അതേസമയം, ബംബര്‍ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാംസമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപും തിങ്കളാഴ്ച ലോട്ടറി ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി. തിങ്കളാഴ്ച വൈകീട്ട് ഭാര്യ മായ, സഹോദരി സുജയ സതീശന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കാന്‍ എത്തിയത്. ഞായറാഴ്ച രാത്രി കനറാ ബാങ്ക് മണക്കാട് ശാഖയിലെ ലോക്കറിലാണ് ടിക്കറ്റ് സൂക്ഷിച്ചിരുന്നത്. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ സമ്മാനത്തുക ഉടന്‍ കൈമാറുമെന്നാണ് ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

Exit mobile version