പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യയായ 26കാരി സുനിതയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്.
മംഗലാപുരത്തുനിന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ജാർഖണ്ഡിലേക്കു പോകാൻ കാത്തിരിക്കുമ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടനടി പ്രസവവും നടന്നു. തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ആംബുലൻസിന്റെ സേവനം തേടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് ഡ്രൈവർ എസ്.സുധീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബിൻസി ബിനു എന്നിവരാണ് പാഞ്ഞെത്തിയത്.
ബിൻസി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ഇരുവരെയും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
Discussion about this post