കോട്ടയം: ജപ്തി ഭീഷണി നേരിട്ട നിര്‍ധന കുടുംബത്തിന് സഹായ ഹസ്തവുമായി പ്രവാസി മാലാഖ. ദുബായ് ആശുപത്രി നഴ്സായ മല്ലപ്പള്ളി സ്വദേശി ശോഭന ജോര്‍ജ് ആണ് കൊല്ലം പുത്തൂര്‍ ഐവര്‍കാല സ്വദേശി സിനിയുടെയും കുടുംബത്തിന്റെയും രക്ഷയ്ക്കെത്തിയത്.
ഭരണിക്കാവ് ഗ്രാമവികസന ബാങ്കില്‍ നിന്ന് 10 വര്‍ഷം മുന്‍പ് എടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് തെറ്റിയതോടെ പലിശയും കൂട്ടുപലിശയുമെല്ലാമായി തുക നാലര ലക്ഷത്തോളമായി ഉയര്‍ന്നു. ലോട്ടറി കച്ചവടം നടത്തി 2 മക്കളെ വളര്‍ത്തുകയും വായ്പ തിരിച്ചടക്കുകയും ചെയ്തിരുന്ന സിനിക്ക് ഡിസ്ക് തകരാറു മൂലം ജോലിക്ക് പോകാനാകാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 17 വയസ്സുള്ള മകന് പഠനം ഉപേക്ഷിച്ച് ലോട്ടറി വിറ്റാണ് ഉപജീവനവും അമ്മയുടെ ചികിത്സയും നടത്തുന്നത്.
ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി ബാങ്ക് കാലാവധി നീട്ടി നല്‍കിയെങ്കിലും 10 വര്‍ഷം പിന്നിട്ടിട്ടും തിരിച്ചടയ്ക്കാത്തതോടെ ജപ്തിയിലേക്ക് നീങ്ങുകയായിരുന്നു. ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തിയ ശോഭന നേരിട്ടു ബാങ്കിലെത്തി ഇളവു കഴിച്ച് 3 ലക്ഷം രൂപ അടച്ച് പ്രമാണം വീണ്ടെടുത്തു നല്‍കുകയായിരുന്നു.
ശോഭന ജോര്‍ജില്‍ നിന്ന് നിറകണ്ണുകളോടെയാണ് സിനി ആധാരം സ്വീകരിച്ചത്. മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം, അടച്ചുറപ്പുള്ള വീടുണ്ടാക്കണം, ചികിത്സ തുടരണം. സിനിയുടെ മുന്പില് കടമ്പകള്‍ ഒരുപാടുണ്ടെങ്കിലും ഇനി എത്ര ബുദ്ധിമുട്ടു വന്നാലും പുരയിടം സംരക്ഷിക്കുമെന്നും പറഞ്ഞു.
മുമ്പും ഒട്ടേറെ നിര്‍ധന കുടുംബങ്ങളെ ശോഭന സഹായിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭര്‍ത്താവും കുടുംബവും പിന്തുണയും നല്‍കുന്നുണ്ട്. തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന അവസ്ഥയില്‍ ആധാരം വീണ്ടെടുത്ത് നല്കിയപ്പോള് സിനിയുടെയും മക്കളുടെയും മുഖത്തുണ്ടായ സന്തോഷമാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ മുതല്‍കൂട്ടെന്നും ശോഭന പറഞ്ഞു.
Discussion about this post