കോഴിക്കോട്: ക്രിസ്മസ് രാത്രിയിലെ അപകടത്തില്‍ പൊലിഞ്ഞ യുവാവിന്റെ അവയവങ്ങള്‍ ഇനി മൂന്നുപേര്‍ക്ക് പുതുജീവന്‍ നല്‍കും. അപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പിണറായി സ്വദേശി സൂരജിന്റെ കരളും വൃക്കകളും ദാനം ചെയ്യുകയായിരുന്നു. ക്രിസ്മസ് രാത്രിയില്‍ സംഭവിച്ച ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കണ്ണൂര്‍ പിണറായി എരിവെട്ടി കുറ്റിയന്‍ ബസാറില്‍ വണ്ണാന്റെവിള വീട്ടില്‍ രത്നാകരന്റെയും സാവിത്രിയുടെയും മകനായ സൂരജ് (25). മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായത്.
കഴിഞ്ഞ ക്രിസ്മസ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങവെ കൂത്തുപറമ്പിന് സമീപം ആറാം മൈലിലുണ്ടായ വാഹനാപകടത്തില്‍ സൂരജിന്റെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാര്‍ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചു. പിണറായി പഞ്ചായത്തിലെ ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സൂരജിന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സൂരജിന്റെ രണ്ട് വൃക്കകളും കരളും ദാനം നല്‍കി.
സംസ്ഥാന സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയാണ് അവയവദാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഈ വര്‍ഷത്തെ എട്ടാമത്തെ അവയവദാനമാണ് ഇത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഓഫീസിന്റെ നേതൃത്വത്തില്‍, സംസ്ഥാന അവയവദാന സ്പെഷല്‍ ഓഫിസര്‍ ഡോ. എംകെ വിജയകുമാര്‍, സ്റ്റേറ്റ് കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സൂരജിന്റെ സഹോദരന്‍: സുധീഷ്