തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. മതിലുകള്‍ ആണിനു നിര്‍മ്മിച്ച് ആണിനു കയറിയിരിക്കാനുള്ളത്,പെണ്ണിന് അതില്‍ അയ കെട്ടി തുണി വിരിക്കാമെന്നത് ഒരൗദാര്യം മാത്രം.. കഴിയുകയാണ് ആ കാലമെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
മതിലുകള്‍ക്കുള്ളില്‍ നിന്നു കാഴ്ച കാണുവാനില്ല ഇനി. അടിയുറപ്പുള്ള മതിലുകളാവുകയാണ് ഞങ്ങള്‍. അതിനു മുകളില്‍ കയറിയിരുന്ന് വിചിത്രകാഴ്ചകള്‍ക്ക് കയ്യടിക്കാനും കൂക്കി വിളിക്കാനും തയ്യാറാവുകയാണ്. മതില്‍ കെട്ടാന്‍ അനുവദിക്കാത്തവരോട് ‘ഞങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞല്ലോ’ എന്ന് പറഞ്ഞിറങ്ങുകയാണ് പെണ്ണുങ്ങള്‍ എന്ന് ശാരദക്കുട്ടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഗിരി..പര്‍വ്വതം.. പുരുഷന്‍. അടിയുറച്ചത് തലപ്പൊക്കമുള്ളത്.അതില്‍ നിന്നുദ്ഭവിക്കുന്ന നദി പെണ്ണ്. ദീര്‍ഘം സത്രീലിംഗ വാചി. വളഞ്ഞും പുളഞ്ഞും എതിലേയും വെട്ടിമാറ്റാവുന്നത്. ഒടുവില്‍ കടലില്‍ ചെന്നു ചേരേണ്ടവള്‍.. കടലോ അഗാധം.. പരന്നത്..സ്ഥിരവാസസ്ഥാനമുള്ളവന്‍. പുല്ലിംഗവാചി.
വൃക്ഷ: ഉറച്ചത്. വഴങ്ങാത്തത്.. പുല്ലിംഗവാചി.. ലതാ.. വള്ളി.. സ്ത്രീയാണത്. വഴങ്ങുന്നത്. വളച്ചാലും ഒടിയാത്തത്.. എവിടെയും പടര്‍ത്തി വിടാം. പടര്‍ന്നു കയറുക എന്നതാണ് ജന്മ ലക്ഷ്യവും കര്‍മ്മ ലക്ഷ്യവും..
മതിലുകള്‍ ആണിനു നിര്‍മ്മിച്ച് ആണിനു കയറിയിരിക്കാനുള്ളത്.. പെണ്ണിന് അതില്‍ അയ കെട്ടി തുണി വിരിക്കാമെന്നത് ഒരൗദാര്യം മാത്രം.. കഴിയുകയാണ് ആ കാലം
പെണ്‍ മതിലുകള്‍ ഇപ്പോള്‍.. പിന്നാലെ വരികയാണ്, പെണ്‍കടലുകള്‍, പെണ്‍മലകള്‍, പെണ്‍ വൃക്ഷങ്ങള്‍.. ഇതൊരു നല്ല തുടക്കമാകട്ടെ.കയറ്റാത്തിടത്തെല്ലാം കയറുകയാണ് ഇനി..
മതിലുകള്‍ക്കുള്ളില്‍ നിന്നു കാഴ്ച കാണുവാനില്ല ഇനി. അടിയുറപ്പുള്ള മതിലുകളാവുകയാണ് ഞങ്ങള്‍. അതിനു മുകളില്‍ കയറിയിരുന്ന് വിചിത്രകാഴ്ചകള്‍ക്ക് കയ്യടിക്കാനും കൂക്കി വിളിക്കാനും തയ്യാറാവുകയാണ്. മതില്‍ കെട്ടാന്‍ അനുവദിക്കാത്തവരോട് ‘ഞങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞല്ലോ’ എന്ന് പറഞ്ഞിറങ്ങുകയാണ് പെണ്ണുങ്ങള്‍.
‘ പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജ ശാഖവിട്ടു ഞാന്‍
ഭയമറ്റു പറന്നു പോയിടാം
സ്വയമദ്യോവിലൊരാശ്രയം വിനാ.’
എന്ന് ചിന്താവിഷ്ടയായ സീതയെ കൊണ്ട് കുമാരനാശാന്‍ പറയിച്ചതിന്റെ നൂറാം വാര്‍ഷികമാണ് 2019. ഇങ്ങനെ തന്നെയാണ് ആ വര്‍ഷം തുടങ്ങേണ്ടത്. പെണ്‍ മതില്‍ ഒരു തുടക്കം മാത്രം..
എസ്.ശാരദക്കുട്ടി
31. 12.2018′
Discussion about this post