ഗുരുവായൂര്‍: ഗുരുവായൂരപ്പന് ഇത്തവണ പൂജ ചെയ്യാനെത്തുന്നത് വളരെ വ്യത്യസ്തനായ ഇതുവരെ കാണാത്ത മട്ടിലും ഭാവത്തിലും ഉള്ളൊരു മേല്‍ശാന്തിയാണ്. ഗുരുവായൂരിലെ പുതിയ മേല്‍ശാന്തിയായി ചുമതലയേല്‍ക്കാനിരിക്കുന്ന ഡോ. കിരണ്‍ ആനന്ദ് കക്കാട് ആണ് ആ പ്രത്യേകതനിറഞ്ഞ വ്യക്തിത്വം. സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് ഒരുപക്ഷേ അദ്ദേഹത്തെ കണ്ട് പരിചയമുണ്ടാകും.
പുതിയ മേല്‍ശാന്തി ആയുര്‍വേദ ഡോക്ടറും, അറിയപ്പെടുന്ന വ്ലോഗറും ആണ്. സംഗീതവും കവിതയും നിറഞ്ഞ, പൂജാരിമാരുടെ കുടുംബമായ കക്കാട് മനയിലെ ഇളമുറക്കാരനാണ് ഈ 34കാരനായ കിരണ്‍ ആനന്ദ്.
ഇന്നലെ ഉച്ച പൂജയ്ക്ക് ശേഷം നടത്തിയ നറുക്കെടുപ്പിലൂടെയാണ് അടുത്ത ആറ് മാസത്തെ മേല്‍ശാന്തിയായി ഗുരുവായൂര്‍ സ്വദേശിയായ കിരണ്‍ ആനന്ദ് കക്കാട് തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ 30ന് രാത്രി ചുമതലയേല്‍ക്കുന്ന അദ്ദേഹത്തിന്റെ ആറുമാസ കാലാവധി ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും. 42 പേര് അപേക്ഷിച്ചിരുന്നു. അതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 39 പേരില്‍ നിന്നാണ് കിരണ്‍ ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന് ആണ് നിലവിലെ മേല്‍ശാന്തി.
ആയുര്‍വേദ ഡോക്ടറായ കിരണ്‍ ആറ് വര്‍ഷത്തോളമായി റഷ്യയിലും ദുബായിലുമായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടില്‍ തിരികെ എത്തുന്നത്. പെരിന്തല്‍മണ്ണയില്‍ സ്വന്തമായി ആയുര്‍വേദ ക്ലിനിക് തുടങ്ങാനിരിക്കെയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകാന്‍ അവസരം ലഭിക്കുന്നത്.
കിരണും ഭാര്യ ഡോ. മാനസി കക്കാടും ചേര്‍ന്ന് നടത്തുന്ന ‘ഹാര്‍ട്ട് ഡുവോസ്’ എന്ന യുട്യൂബ് ചാനലില്‍ സജീവവുമാണ്. ആരോഗ്യ വാര്‍ത്തകള്‍ക്കൊപ്പം, യാത്രകളും, സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതുമാണ് ഇവരുടെ ചാനല്‍. പല രാജ്യങ്ങളില്‍ നടത്തിയ യാത്രകളുടെ വിവരങ്ങളും വ്ലോഗായി പങ്കുവച്ചിട്ടുണ്ട്.
സംഗീതത്തില്‍ തത്പരനായ കിരണ്‍ എം ജയചന്ദ്രനും, മധു ബാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാലപിച്ച ഭക്തിഗാന ആല്‍ബത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. അതേ ആല്‍ബത്തില്‍ രണ്ട് ഗാനങ്ങളും ആലപിച്ചു. 1994-95 വര്‍ഷത്തെ സി ബി എസ് സി സ്റ്റേറ്റ് സ്കൂള്‍ യൂത്ത്ഫെസ്റ്റിവെലില്‍ കലാപ്രതിഭയായിരുന്നു. ആദ്യമായാണ് കിരണ്‍ ആനന്ദ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. കിരണിന്റെ മുത്തച്ഛന് കക്കാട് ദാമോദരന്‍ നമ്പൂതിരി അഞ്ച് തവണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിട്ടുണ്ട്.
Discussion about this post