ഗുരുവായൂർ: 20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ 72കാരിയായ അമ്മയെയും കൂട്ടി ലോകം ചുറ്റാൻ ഇറങ്ങിയ 44കാരനായ കൃഷ്ണകുമാർ ഇപ്പോൾ ഗുരുവായൂരിലെത്തി നിൽക്കുകയാണ്. അച്ഛൻ ദക്ഷിണാമൂർത്തി മരിച്ചപ്പോൾ അമ്മ തിരുവണ്ണാമലൈ കണ്ടിട്ടുണ്ടോ?’ എന്ന് കൃഷ്ണ കുമാർ ചോദിച്ചു. 10 മക്കളെ പോറ്റി വളർത്തി വലുതാക്കിയ അമ്മ പറഞ്ഞു, ‘ഈ ചുറ്റുവട്ടം വിട്ട് ഞാൻ പുറത്തിറങ്ങിയിട്ടു തന്നെ കാലമൊരുപാടായി..’ എന്ന്.
ഈ മറുപടിക്ക് ശേഷം ഒരു നിമിഷം പോലും വൈകിയില്ല. ഒരു കോർപറേറ്റ് കമ്പനിയിൽ ടീം ലീഡറായിരുന്ന കൃഷ്ണകുമാർ തന്റെ അച്ഛന്റെ സ്കൂട്ടറും എടുത്ത് അമ്മയെ ലോകം കാണിക്കാൻ ഇറങ്ങി തിരിക്കുകയായിരുന്നു. 2018 ജനുവരി 16നു മൈസൂരിൽ നിന്ന് യാത്ര ആരംഭിച്ച ഇവർ ഇതുവരെ 4 രാജ്യങ്ങൾ ആണ് സഞ്ചരിച്ചത്.
കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു ആദ്യത്തെ യാത്ര. പിന്നെ ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെ പോയി. നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ എന്നിങ്ങനെ രാജ്യത്തിനു പുറത്തേക്കും യാത്രകൾ നീണ്ടു. ഇന്ത്യ പര്യടനത്തിനിടെ ഇന്നലെ കോഴിക്കോട് നിന്ന് പുറപ്പെട്ട ഇവർ ഗുരുവായൂരിലെത്തി നിൽക്കുകയാണ്. ഇനി കാലടിയിലേക്കാണു യാത്ര.
മൈസൂരു ആണ് ഇവരുടെസ്വദേശം. ലോക്ഡൗൺ കാലത്ത് ഭൂട്ടാനിലായിരുന്നു 51 ദിവസം ചിലവഴിച്ചത്. സർക്കാർ അനുമതി വാങ്ങിയാണ് 7 ദിവസം കൊണ്ട് മൈസൂരുവിൽ തിരിച്ചെത്തിയത്. 6 ചെറു ബാഗുകളിലാക്കി ലഗേജ് ഒതുക്കിയാണ് ഇവരുടെ യാത്ര. അമ്പലങ്ങൾ, മഠങ്ങൾ, ആധ്യാത്മിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് താമസം.
Discussion about this post