തിരുവനന്തപുരം: തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതു കൊണ്ട് നിലവിലുള്ള പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ അംഗീകരിക്കാനും സാധിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തെരുവുനായ്ക്കൾക്ക് തീവ്ര വാക്‌സിനേഷൻയജ്ഞം ആരംഭിച്ചതായും പിണറായി വിജയൻ പറഞ്ഞു.
തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയാണ്. നായ്ക്കളുടെ എണ്ണത്തിലും വർധനയുണ്ടായി. പേവിഷ ബാധയേറ്റ് ഇതുവരെ സംസ്ഥാനത്ത് 21 മരണം സംഭവിച്ചു. 15പേരും പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സീനും ഇമ്യൂണോഗ്ലോബിലിനും എടുക്കാത്തവരാണ്.
ഒരാൾ ഭാഗികമായും 5 പേർ നിഷ്‌കർഷിച്ച രീതിയിലും വാക്‌സീൻ എടുത്തു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
cm
മാലിന്യം കൂടുന്നത് തെരുവുനായ്ക്കളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. മാംസാവശിഷ്ടം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് കർശനമായി തടയും. നായ്ക്കളെ വളർത്തുന്നതിനു റജിസ്‌ട്രേഷൻ നിർബന്ധമാക്കും. ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളിൽ സർക്കാർ പോർട്ടൽ വഴി റജിസ്‌ട്രേഷന് അപേക്ഷ സമർപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Discussion about this post