തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞ ആർആർടി അംഗം ഹുസൈനിന് കണ്ണീരോടെ വിടചൊല്ലി നാട്. കാട്ടാന കവർന്നത് വനംവകുപ്പിന്റെയും നാട്ടുകാരുടെയും ചങ്കുറപ്പിൻറെ പ്രതീകത്തെ കൂടിയായിരുന്നു. ഹുസൈനിന്റെ വിയോഗം ഇനിയും പ്രിയപെട്ടവർക്ക് ഉൾകൊള്ളനായിട്ടില്ല.
തെരുവ് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാനെത്തി: സീരിയല്‍ നടിയെ കടിച്ചു പറിച്ചു
സദാസമയവും സേവന സന്നദ്ധമായി നിന്ന് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ആളായിരുന്നു ഹുസൈൻ. കാടിനും നാടിനും ഒരുപോലെ കാവൽ നിൽക്കുകയും രാജവെമ്പാല ഉൾപ്പടെയുള്ള പാമ്പുകളെ അനായാസം പിടികൂടുന്നതിലും മറ്റും മിടുക്കനും ആയിരുന്നു ഹുസൈൻ. ഈ മിടുക്ക് ഹുസൈനിനെ വനംവകുപ്പിലെ ആർആർടി അംഗത്തിൻറെ യൂണിഫോമിലേക്ക് എത്തിക്കുകയായിരുന്നു.
കാടിറങ്ങുന്ന വരുന്ന വന്യമൃഗങ്ങളെ തുരത്തുന്നതും അപകടത്തിൽപ്പെട്ട മൃഗങ്ങളെ രക്ഷിക്കുന്നതുമായ ദൗത്യങ്ങളിൽ മുൻപന്തിയിൽ ആയിരുന്നു ഹുസൈൻ ഉണ്ടായിരുന്നത്. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ ടീമംഗമായി ഇരുപതോളം കടുവകളെയാണ് ഹുസൈൻ പിടികൂടിയിട്ടുള്ളത്.
അക്രമകാരികളായ കാട്ടാനകളെ കീഴ്‌പ്പെടുത്തിയ ഹുസൈനിനെ ഒടുവിൽ കാട്ടാന തന്നെ ജീവൻ എടുക്കുകയായിരുന്നു. ധീരനായ സഹപ്രവർത്തകനെ നഷ്ടപെട്ട ദുഃഖത്തിലാണ് വനംവകുപ്പും. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബത്തിൻറെ ഏകെ പ്രതീക്ഷയും ആശ്രയവുമാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇല്ലാതെ ആയത്. ഹുസൈനിന്റെ വിയോഗത്തെ തുടർന്ന് കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.