കൊച്ചി: ഗൂഗിള്‍ നോക്കി ഫ്ലാറ്റിന്റെ അടുക്കളയില്‍ കഞ്ചാവ് കൃഷി. യുവാവും യുവതിയും അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ അലന് (26), ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ്ണ (24) എന്നിവരാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ഇവിടെ പിടികൂടിയത്.
എറണാകുളം കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റിലാണ് സംഭവം.മൂന്ന് നിലയുള്ള അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ഫ്ലാറ്റിന്റെ അടുക്കളയിലാണ് കഞ്ചാവ് വളര്‍ത്തിയത്. ഈ ഫ്ലാറ്റിന് ഒരു റൂമും അടുക്കളയുമാണ് ഉള്ളത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവും ഉള്ള ചെടിയാണ് പിടിച്ചെടുത്തത്.
ഈ ഫ്ലാറ്റില്‍ ലഹരി ഉപയോഗം നടക്കുന്ന എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. കഞ്ചാവ് ചെടിക്ക് തണുപ്പും വെളിച്ചവും കിട്ടാന്‍ എല്‍ഇഡി ലൈറ്റും, എക്സോസ്റ്റ് ഫാനുകളും അടക്കം ക്രമീകരിച്ചിരുന്നു. ഗൂഗിള്‍ നോക്കിയാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ പരിശീലനം നേടിയത് എന്നാണ് പോലീസ് പറയുന്നത്.
പരിശോധനയില്‍ കഞ്ചാവുമായി ഒരു യുവാവിനെയും പോലീസ് പിടികൂടി പത്തനംതിട്ട സ്വദേശിയായ അമലിനെയാണ് പോലീസ് പിടികൂടിയത്. കഞ്ചാവ് ചെടി പിടിച്ച കേസില്‍ സാക്ഷിയാകാന്‍ പോലീസ് വിളിച്ചുവരുത്തിയതായിരുന്നു അമലിനെ എന്നാല്‍ തുടര്‍ന്ന് ഇയാളെ പരിശോധിച്ചപ്പോള്‍ കൈയ്യില്‍ നിന്നും കഞ്ചാവ് പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post