തൃശൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പിലെ റാപ്പിഡ് റെസ്പേണ്‍സ് ടീം അംഗം മരിച്ചു. മുക്കം കല്‍പ്പൂര്‍ സ്വദേശി ഹുസൈന്‍ ആണ് മരിച്ചത്. വനംവകുപ്പിന്റെ സങ്കീര്‍ണമായ ദൗത്യങ്ങളില്‍ മുന്‍നിരപ്പോരാളിയായിരുന്നു ഈ 32കാരന്.
പാലപ്പിള്ളിയില്‍ മുത്തങ്ങയില്‍ നിന്നുമെത്തിച്ച കുങ്കിയാനകളുമായി കാട്ടാനകളെ തുരത്താനുള്ള ദൗത്യം കഴിഞ്ഞ നാലാം തീയതിയാണ് വനംവകുപ്പ് തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പത്താഴപ്പാറയിലെ ബേസ് ക്യാംപില്‍ കുങ്കിയാനകളെ തളച്ച് വിശ്രമിക്കുകയായിരുന്ന സംഘം സമീപത്ത് കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യാത്ര തിരിച്ചത്.
തുടര്‍ന്ന് പത്താഴപ്പാറയ്ക്ക് അടുത്ത് തന്നെ നിലയുറപ്പിച്ചിരുന്ന കൊമ്പന്‍ ഹുസൈനെ തട്ടിവീഴ്ത്തുകയായിരുന്നു. വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹുസൈന്‍. നില ഗുരുതരമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.
ഹുസൈന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഹുസൈന്‍, മനുഷ്യ വന്യ ജീവി സംഘര്‍ഷ പ്രദേശങ്ങളിലേക്ക് വന്യജീവികളെ തുരത്താനുള്ള ദൗത്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്തിരുന്നു.
വയനാട് ജില്ലയിലെ വന്യജീവികലെ സംബന്ധിച്ച സങ്കീര്‍ണമായ ദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന വെറ്ററിനറി സര്‍ജന്‍ ആയ ഡോക്ടര്‍ അരുണ്‍ സഖറിയയ്ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍. കടുവയും ആനയും ഇറങ്ങുന്ന വയനാട് ജില്ലയിലെ വിവിധമേഖലകളിലെ ദൗത്യങ്ങളില്‍ ഹുസൈന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഹുസൈന്‍ പാമ്പുകളെ പിടികൂടുന്നതിലും വൈദഗ്ധ്യമുള്ളയാളായിരുന്നു. ഫോറസ്ട്രി ബിരുദധാരിയാണ്. പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം തുടര്‍ച്ചയായ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചത്. കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരവേയാണ് ഹുസൈന്റെ മരണം.
Discussion about this post