മൂവാറ്റുപുഴ: മോട്ടോർ ഘടിപ്പിച്ച വീൽചെയറിൽ മണ്ഡപത്തിലേക്ക് ശ്രുതി എത്തിയപ്പോൾ ആദ്യം അമ്പരപ്പ് ആയിരുന്നുവെങ്കിലും വിധിയോടുള്ള അവളുടെ പോരാട്ടമറിഞ്ഞപ്പോൾ കൈയ്യടികളായി. പരിമിതികളിൽ ജീവിക്കുന്ന തൃക്കളത്തൂർ പുഞ്ചക്കാലായിൽ ആർ. സുകുമാരന്റെയും സുജയുടെയും മകളായ ശ്രുതിയുടെ ജീവിതത്തിലേക്ക് എത്തിയത് ജയരാജ് ആണ്.
പരിമിതികളിൽ ഇനി ശ്രുതി വേച്ചുവീഴില്ല, അവളുടെ കൈപിടിച്ച് ജയരാജ് കൂടെയുണ്ടാകും. സെറിബ്രൽ പാൾസിയുടെ വെല്ലുവിളികളെ കഠിനപ്രയത്‌നത്താൽ മറികടന്നാണ് ശ്രുതി വിജയം കുറിച്ചത്. ആ ആത്മശക്തിയെ അംഗീകരിച്ചാണ് ജയരാജ് ശ്രുതിയെ സഖിയാക്കിയത്. സൗദിയിൽ എൻജിനീയറായ ജയരാജ് തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവന്റെയും രാജമ്മയുടെയും മകനാണ് ജയരാജ്.
തെരുവുനായ ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് ദാരുണമരണം; സുഹൃത്ത് ചികിത്സയില്‍
ജന്മനാ ചലനശേഷി താളംതെറ്റിയ ആളാണ് ശ്രുതി. ഇപ്പോൾ തന്റെ കഠിന പരിശ്രമം കൊണ്ട് അർബൻ ബാങ്കിലെ സീനിയർ ക്ലർക്ക് എന്ന പദവിയിലേക്ക് എത്തിയിരിക്കുകയാണ് ശ്രുതി. രണ്ട് കാലുകൾക്കും ഒരു കൈക്കും പൂർണ സ്വാധീനമില്ലാത്ത ശ്രുതി ഏറെ സമയവും വീൽ ചെയറിലാണ്. അധ്യാപകനും സുഹൃത്തുമായിരുന്നു ശ്രുതിക്ക് ജയരാജ്.
ചികിത്സാ കാലത്തും പിന്നീട് നട്ടെല്ലിനുള്ള വളവ് മാറാനുള്ള സങ്കീർണമായ ശസ്ത്രക്രിയാ സമയത്തുമെല്ലാം മാനസിക പിന്തുണ നൽകി കൂടെ നിന്നതും ജയരാജ് ആയിരുന്നു. ഇതിനിടെ ജീവിത പങ്കാളിയാകാൻ താത്പര്യം പ്രകടിപ്പിച്ച ജയരാജിനെ ശ്രുതി തന്റെ പരിമിതികൾ പറഞ്ഞ് ആദ്യം നിരുത്സാഹപ്പെടുത്തി.
നട്ടെല്ലിനു ശസ്ത്രക്രിയ നടത്തിയ അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാറാണ് ശ്രുതിയെ വിവാഹ ജിവിതത്തിന് പ്രേരിപ്പിച്ചത്. ഇതോടെ ശ്രുതിയും വിവാഹത്തിന് സമ്മതം അറിയിച്ചു. ഇതോടെ മാതാപിതാക്കളുടെയും മമനസ് നിറഞ്ഞു. അച്ഛനമ്മമാരും സഹോദരൻ ആനന്ദും നൽകിയ കരുതലിന്റെയും പിന്തുണയുടെയും ബലത്തിലാണ് ശ്രുതി ജീവിതത്തിൽ കാലുറപ്പിച്ചത്.
യു.പി. സ്‌കൂളിൽ പഠനം മുടങ്ങുന്ന സ്ഥിതിയായപ്പോൾ അമ്മയാണ് ശ്രുതിക്ക് അധ്യാപികയായത്. പിന്നീട് മണ്ണൂർ എൻ.എസ്.എസ്. സ്‌കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതി ഡിസ്റ്റിങ്ഷനോടെ പാസായി. കീഴില്ലം സെയ്ന്റ് തോമസ് ഹൈസ്‌കൂളിൽനിന്നു മികച്ച മാർക്കോടെ പ്ലസ്ടുവും പാസായി. ക്‌ളാസുകളിൽ പോകാതെയാണ് ബി.കോം കോർപ്പറേഷൻ പാസായത്. ഇപ്പോൾ ഭാരതീയാർ യൂണിവേഴ്‌സിറ്റിക്കു കീഴിൽ എം.ബി.എ. ചെയ്യുകയാണ് ശ്രുതി. ഏഴ് വർഷമായി മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാരിയാണ്.