കോഴിക്കോട്: തെരുവുനായ ആക്രമണം വര്‍ധിക്കുന്നതിനിടെ നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ചുകഴിയണമെന്ന് പറഞ്ഞ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പരിഹസിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ്് അഡ്വ. ഫാത്തിമ തഹ്‌ലിയ രംഗത്ത്.
തെരുവു നായകളുമായി സഹകരിച്ച് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാന്‍ വരുന്ന അവയോട് സംസാരിച്ച് മേയര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നുമാണ് ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെടുന്നത്. ഫേ്ബുക്ക് പോസ്റ്റിലൂടെയാണ് ഫാത്തിമ ആവശ്യപ്പെടുന്നത്.
കോഴിക്കോട് കോര്‍പറേഷനിലെ തന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം തെരുവുനായകള്‍ വിലസുന്ന സ്ഥലമാണെന്നും ഇവയുടെ സാന്നിധ്യം കാരണം വഴിനടക്കാന്‍ പറ്റാറില്ലെന്നും ടൂ വീലറിന് പിന്നാലെ ഓടി അക്രമിക്കാന്‍ വന്ന അനുഭവം ഒരുപാടുണ്ടെന്നും ഫാത്തിമ പറയുന്നു. തങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും ചാടിക്കടിക്കാന്‍ വരരുതെന്ന് ഉപദേശിക്കണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
നായ്ക്കളെ കൊന്നുകളയുകയല്ല പരിഹാരമെന്നും സൂറത്തില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ വന്‍തോതില്‍ കൊന്നൊടുക്കിയപ്പോഴാണെന്നും മേയര്‍ പറഞ്ഞിരുന്നു. ”അവരും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മള്‍ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂ. സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണം.
ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായ്ക്കള്‍. ആ രീതിയില്‍ അവയെ കണ്ടു പരിപാലിക്കാന്‍ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാന്‍ നമ്മള്‍ ശ്രമിക്കണം, എന്നായിരുന്നു ബീന ഫിലിപ്പിന്റെ പരാമര്‍ശം.
“തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാൻ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്.
അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ.
അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാൻ വരരുത് എന്നും ഉപദേശിക്കണം”.