തൃശ്ശൂര്‍: നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ സ്നേഹതണലില്‍ പരസ്യ ചിത്രകാരന് നീതി കൊടുങ്ങല്ലൂരിന് വീടുയരും. കാലാകാരനുള്ള പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം സംവിധായകന് സത്യന് അന്തിക്കാട് നിര്‍വ്വഹിച്ചു. ബിജെപി മാള മണ്ഡലം കമ്മറ്റിയുമായി ചേര്‍ന്നാണ് സുരേഷ് ഗോപി നീതി കൊടുങ്ങല്ലൂരിന് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
മുപ്പത്തിയേഴ് വര്‍ഷമായി പരസ്യചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് നീതി കൊടുങ്ങല്ലൂര്‍. എന്നാല്‍ ഇതുവരെ തലചായ്ക്കാന്‍ സ്വന്തമായൊരു വീട് അദ്ദേഹത്തിനില്ല. ഒടുവില്‍ നീതി കൊടുങ്ങല്ലൂരിന്റെ ദയനീയ അവസ്ഥ സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി അദ്ദേഹത്തിന് വീടൊരുക്കി നല്കാന് സന്നദ്ധത അറിയിച്ച് രംഗത്തെത്തുകയായിരുന്നു.
അതിവേഗ്തില് വീടിന്റെ പ്ലാന്‍ പൂര്‍ത്തിയാക്കി. അതിന് ശേഷമാണ് ഇന്നലെ രാവിലെ തറക്കല്ലിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കാനായി സുരേഷ് ഗോപി സത്യന് അന്തിക്കാടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്, ജനറല്‍ സെക്രട്ടറി സിഎസ് അനുമോദ്, സെക്രട്ടറി സുനില്‍ വര്‍മ്മ, ബിജെപി തൃശ്ശൂര്‍ ജില്ല സെക്രട്ടറി ലോചനന്‍ അമ്ബാട്ട്, സ്റ്റേറ്റ് കൗണ്‍സിലംഗം സുരേഷ് കെഎ, മൈനോററ്റി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടന്, വേണു ഗോപാല്‍ വിആര്‍, പൊയ്യ പഞ്ചായത്ത് വാര്‍ഡംഗങ്ങളായ അനില സുനില്‍, രാജേഷ് മോഹന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post