കണ്ണൂര്‍: സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. യുവതിയേയും വൃദ്ധ മാതാവിനേയും വിദ്യാര്‍ത്ഥിയായ പതിനേഴുകാരി മകളേയുമാണ് ജപ്തിയുടെ പേരില്‍ ബാങ്ക് അധികൃതര്‍ മുന്നറിയിപ്പില്ലാതെ വീട് പൂട്ടി ഇറക്കി വിട്ടത്. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. പുറക്കളം സ്വദേശി പിഎം സുഹ്‌റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്.
കേരള ബാങ്കാണ് നടപടി സ്വീകരിച്ചത്. സുഹറ ഭവന വായ്പ എടുത്ത വകയില്‍ പലിശയടക്കം 19 ലക്ഷം രൂപയാണ് ഇനി അടയ്ക്കാനുള്ളതെന്നാണ് ബാങ്ക് പറയുന്നത്. 2016 മുതല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്കിന്റെ നടപടി.
അതേസമയം ഈ മാസം 15 വരെ ബാങ്ക് തന്നെ നല്‍കിയ സമയ പരിധി നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി ജപ്തി. 2012ലാണ് ഇവര്‍ പത്ത് ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനിടെ, വീട് വിറ്റ് ലോണടക്കാന്‍ ഒരുക്കമാണെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോടതി നിര്‍ദ്ദേശപ്രകാരമാണ് ജപ്തിയെന്ന് ബാങ്ക് പറയുന്നു. തിരിച്ചടവിന് മതിയായ സമയം നല്‍കിയിരുന്നുവെന്നാണ് ബാങ്കിന്റെ വിശദീകരണം.